ഹൈദരാബാദ്: ജനിച്ച് എട്ട് ദിവസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. എന്നാൽ കുഞ്ഞിന്റെ അമ്മയ്ക്ക് കൊവിഡ് രോഗം ബാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കുഞ്ഞിന് വൈറസ് ബാധയേറ്റത് ആശുപത്രിയിൽ നിന്നായിരിക്കുമെന്ന നിഗമനത്തിലാണ് അധികൃതർ.

കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ 176 പാക്കിസ്ഥാനികൾ നാട്ടിലേക്ക് മടങ്ങും. നാളെ ഇവരെ വാഗ അതിർത്തി വഴി തിരിച്ചയക്കാനാണ് തീരുമാനമെന്ന് പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. ഇവർക്ക് യാത്രക്കുള്ള അനുമതി കേന്ദ്രസർക്കാരിൽ നിന്ന് ലഭ്യമായിരുന്നു.

ആഭ്യന്തര വിമാന സർവീസ് ആരംഭിച്ചത് രോഗവ്യാപനത്തിന് കാരണമായേക്കുമോയെന്ന ആശങ്കകൾ വർധിപ്പിച്ച് ആദ്യ യാത്രക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ വിമാനയാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇയാൾക്കൊപ്പം യാത്ര ചെയ്തിരുന്ന നൂറോളം പേരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. വിമാന ജീവനക്കാർക്കും ക്വാറന്റീൻ ഏർപ്പെടുത്തി.