മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രി ജിതേന്ദ്ര അവാഡിനെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അന്ന് അവാഡിന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നു. അതേസമയം, പ്ലാസ്മാ തെറാപ്പി നടത്താൻ മഹാരാഷ്ട്ര സർക്കാരിന് ഐസിഎംആർ അനുമതി നൽകി. 

431 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5652 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 269 പേർ രോഗം ബാധിച്ച് ഇതുവരെ മരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 

മുംബൈയിലാണ് രോഗബാധിതർ ഏറ്റവും കൂടുതലുള്ളത്. ഇവിടെ 3096 പുേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. പൂനെയിൽ 660 പേർക്കും താനെയിൽ 465 പേർക്കും നാസികിൽ 96 പേർക്കും നാഗ്പൂരിൽ 76 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

അതേസമയം, രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 21,000 കടന്നു. 21,393 പേർക്ക് കൊവിഡ് ബാധിച്ചെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 24 മണിക്കൂറിനുള്ളിൽ 1409 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 

Read Also: കൊവിഡിനെതിരെ പോരാട്ടം; മോദിയെ അഭിനന്ദനം കൊണ്ട് മൂടി മൈക്രോസോഫ്റ്റ് സ്ഥാപകന്‍...