ദില്ലി: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെമ്പാടുമുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം. വ്യാജപ്രചാരണങ്ങൾ തടയണമെന്ന് പറഞ്ഞ സുപ്രീം കോടതി, ഇവർക്കായി പ്രത്യേക വെബ്സൈറ്റ് തുടങ്ങണമെന്നും നിർദ്ദേശം നൽകി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദില്ലിയിൽ നിന്നും യുപിയിലേക്ക് കുടിയേറ്റ തൊഴിലാളികൾ കൂട്ടമായി പോയത് പോലുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് കേന്ദ്രം വിശദീകരിച്ചു.  കുടിയേറ്റ തൊഴിലാളികൾ ആരും ഇപ്പോൾ റോഡുകളിൽ ഇല്ല. എല്ലാവരെയും അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി.

ഈ ഘട്ടത്തിലാണ് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം കൂടുതൽ ശ്രദ്ധിക്കണമെന്ന തരത്തിൽ സുപ്രീം കോടതി നിർദ്ദേശം നൽകിയത്. അതിഥി തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന അഭയ കേന്ദ്രങ്ങളിൽ ഭക്ഷണം ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. യാത്രചെയ്യുന്ന  തൊഴിലാളികളിൽ പത്തിൽ മൂന്നു പേർ രോഗം പടർത്താമെന്ന മുന്നറിയിപ്പും സോളിസിറ്റർ ജനറൽ നൽകി.