10:55 PM (IST) Apr 22

മധ്യപ്രദേശിൽ വീണ്ടും ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം

മധ്യപ്രദേശിൽ വീണ്ടും ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം. ഷോപ്പൂർ ജില്ലയിലെ ഗസ് വനിയിലാണ് സംഭവം. ഡോക്ടറിനും പൊലീസുകാരനും പരിക്കേറ്റു. കൊവിഡ് പരിശോധനക്ക് വിധേയനാകേണ്ട വ്യക്തിയുടെ കുടുംബമാണ് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിലായി. മധ്യപ്രദേശിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്. 

09:22 PM (IST) Apr 22

ദില്ലിയിൽ 92 പേർക്ക് കൂടി കൊവിഡ്

ദില്ലിയിൽ പുതിയതായി 92 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇന്ന് ഒരാൾ മരിച്ചു. ആകെ രോഗികളുടെ എണ്ണം 2248 ആയി. ഇത് വരെ 48 പേരാണ് കൊവിഡ് ബാധിച്ച് രാജ്യ തലസ്ഥാനത്ത് മരിച്ചത്.

08:32 PM (IST) Apr 22

കണ്ണൂരിൽ ഹോട്ട് സ്പോട്ടുകളിൽ കർശന നിയന്ത്രണം

കണ്ണൂർ നഗരത്തിലടക്കം 26 ഹോട്ട്സ്പോട്ടുകളിൽ ബാങ്കുകളടക്കം ഒരു സ്ഥാപനങ്ങളും തുറക്കേണ്ട എന്ന് തീരുമാനം. ജില്ലയിൽ മുഴുവനും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ടിവി സുഭാഷ്.

08:31 PM (IST) Apr 22

കോട്ടയം സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും

65കാരിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് ഇടുക്കി കളക്ടർ. ഇവർ മെൽബണിൽ നിന്ന് ദില്ലിയിലെത്തിയത് മാർച്ച് 20ന്. 

08:30 PM (IST) Apr 22

കോട്ടയം സ്വദേശിനിയുടെ യാത്ര തലവേദനയാകുന്നു

ഇന്ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ 65കാരിയുടെ യാത്ര പൊലീസിനും ആരോഗ്യവകുപ്പിനും തലവേദനയാകുന്നു. ഓസ്ട്രേലിയയിൽ നിന്ന് തിരിച്ചെത്തിയത് മാർച്ച് 21നാണ്. തുടർന്ന് ദില്ലിയിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലിരിക്കെ ഏപ്രിൽ 13ന് പാലായിലേക്ക് അനധികൃതമായി യാത്ര തിരിച്ചു. ഇവരെയും ഭർത്താവിനെയും കൊണ്ടുവന്നത് ദില്ലി പൊലീസിലെ ഉദ്യോഗസ്ഥനാണെന്നാണ് വിവരം. ഏഴ് സംസ്ഥാനങ്ങളിലൂടെ കടന്ന് പോയിട്ടും ആരും തടഞ്ഞില്ല. പരിശോധന കുറയുമെന്ന് കരുതി ഇടുക്കി കമ്പംമേട്ട് അതിർത്തിയിലൂടെ കടക്കാൻ ശ്രമിച്ചു. ഏപ്രിൽ 16ന് കേരള അതിർത്തിയിൽ പൊലീസ് തടഞ്ഞ് നിരീക്ഷണത്തിലാക്കി. കാർ ഓടിച്ച് വന്ന പൊലീസ് ഉദ്യോഗസ്ഥൻ നിരീക്ഷണത്തിന് തയ്യാറായില്ല. ഇയാൾ അന്ന് തന്നെ ദില്ലിയിലേക്ക് തിരിച്ച് പോയി.

08:25 PM (IST) Apr 22

71 പൊലീസുകാരോട് നീരീക്ഷണത്തിൽ പോകാൻ നിർദ്ദേശം

ദില്ലി പൊലീസിലെ 71 പൊലീസുകാരോട് നീരീക്ഷണത്തിൽ പോകാൻ നിർദ്ദേശം. കൊവിഡ് ബാധിതനായ പൊലീസുകാരനോട് സംമ്പർക്കത്തിൽ വന്നതോടെയാണ് നിർദ്ദേശം.

08:24 PM (IST) Apr 22

ട്രെയിൻ യാത്രക്കിടെ കൊവിഡ് ബാധിച്ചു

സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരിൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിൽ ഉണ്ടായിരുന്ന യുവതിയും. ചെങ്ങളായി സ്വദേശിയായ യുവതിക്കാണ് ട്രെയിൻ യാത്രക്കിടെ കൊവിഡ് ബാധിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ.

07:36 PM (IST) Apr 22

കുട്ടിക്ക് വൈറസ് ബാധയേൽക്കാനുണ്ടായ കാരണം അവ്യക്തം

മലപ്പുറത്തെ നാല് മാസം പ്രായമായ കുട്ടിക്ക് വൈറസ് ബാധയേൽക്കാനുണ്ടായ കാരണം അവ്യക്തം. പരിശോധിച്ച് വരികയാണെന്ന് DMO. 

07:34 PM (IST) Apr 22

വർക്കല മുൻസിപ്പാലിറ്റിയെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി

വർക്കല മുൻസിപ്പാലിറ്റിയെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. മലയൻകീഴ് പഞ്ചായത്തിനേയും നേരത്തേ ഒഴിവാക്കിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ പരിധി മാത്രമാണ് നിലവിൽ ഹോട്ട് സ്പോട്ട്. 

07:24 PM (IST) Apr 22

കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച 4 പേർ ദുബായിയിൽ നിന്നെത്തിയവർ

കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച 7 പേരിൽ 4 പേർ ദുബായിൽ നിന്നെത്തിയവർ. 3 പേർക്ക് രോഗം വന്നത് സമ്പർക്കം വഴി. സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരിൽ 9 വയസുകാരിയും. 

07:23 PM (IST) Apr 22

അമർനാഥ് യാത്ര റദ്ദാക്കി

ഈ വർഷത്തെ അമർനാഥ് യാത്ര റദ്ദാക്കി. കൊവിഡ് ഭീഷണിയുടെ പശ്ചാതലത്തിലാണ് തീരുമാനം.

06:57 PM (IST) Apr 22

കൊവിഡ് സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിലെ നഴ്സിന്

കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിലെ നഴ്സിന്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച എടച്ചേരി സ്വദേശിയെ ചികിത്സിച്ച നഴ്സാണ് ഇവർ, കൂടത്തായി സ്വദേശിയാണ്. 

06:45 PM (IST) Apr 22

28 അതിവേഗ കോടതികൾ സ്ഥാപിക്കും

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസുകളും പോക്സോ കേസുകളും വേഗത്തിൽ തീർപ്പാക്കാൻ 14 ജില്ലകളിലും 28 അതിവേഗ കോടതികൾ സ്ഥാപിക്കും.

06:44 PM (IST) Apr 22

ലെനിനെ സ്മരിച്ച് മുഖ്യമന്ത്രി

ഇന്ന് ലെനിന്‍റെ ജന്മവാർഷികമാണ്. 1918 ലെ സ്പാനിഷ് ഫ്ലൂവിൽ ലോകത്താകെ 50 ദശലക്ഷം പേർ അതിൽ മരിച്ചു. അന്ന് ആ മഹാമാരിയെ ചെറുക്കുന്നതിനേക്കാൾ ലോകരാഷ്ട്രങ്ങൾ ശ്രദ്ധിച്ചത് ലോകമഹായുദ്ധം മുന്നോട്ട് കൊണ്ടുപോകാനാണ്. അന്ന് ലെനിൻ ശത്രുത അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു. എന്നാൽ അത് ലോകരാഷ്ട്രങ്ങൾ അവഗണിച്ചു. ലെനിന്‍റെ ആഹ്വാനത്തിന് പ്രാധാന്യം നൽകിയിരുന്നെങ്കിൽ പതിനായിരക്കണക്കിന് സൈനികർ മരിച്ചുവീഴുമായിരുന്നില്ല. ഇത് വലിയ പാഠമാണ്. കൊവിഡ് 19 എന്ന ഇന്നത്തെ മഹാമാരിയെ നേരിടുന്നതിലാവണം നമ്മുടെ ശ്രദ്ധ മുഴുവൻ. ഒറ്റക്കെട്ടായി നിന്ന് രോഗത്തെ അതിജീവിക്കണം. വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങൾ ഇതിനെ ദുർബലപ്പെടുത്തും.

06:42 PM (IST) Apr 22

കടൽ മത്സ്യ കൃഷി

കടൽത്തീരത്ത് ഉപ്പുജലത്തിലെ കൃഷി വ്യാപിക്കും. തദ്ദേശീയ അലങ്കാര മത്സ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും. കിങ്ഫിഷ് മത്സ്യകൃഷിയുടെ വിത്ത് വിതരണം വ്യാപിപ്പിക്കും. വനിതാ സ്വാശ്രയ സംഘങ്ങളുടെ ഉപജീവനത്തിന് ഇതും ചിപ്പി കൃഷിയും വ്യാപിപ്പിക്കും.

06:32 PM (IST) Apr 22

ഒരു കുടുംബത്തിൽ ഒന്നോ രണ്ടോ പശുക്കളെ വളർത്താൻ പദ്ധതിയാരംഭിക്കും

ഒരു കുടുംബത്തിൽ ഒന്നോ രണ്ടോ പശുക്കളെ വളർത്താൻ പദ്ധതിയാരംഭിക്കും. പഞ്ചായത്തിൽ അഞ്ചോ പത്തോ പശുക്കളെ വളർത്തുന്ന ഫാമുകൾ ആരംഭിക്കും. കേരള ചിക്കൻ സംസ്ഥാന വ്യാപകമാക്കും. കോഴിയിറച്ചിയുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കും. ഈ വർഷം 200 ഔട്ട്ലെറ്റുകൾ തുറക്കും. കുടുംബശ്രീക്ക് ഇറച്ചിക്കോഴി സംസ്കരണത്തിന് പ്ലാന്‍റ് തയ്യാറാക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പാലുൽപ്പാദനം വർധിച്ചാൽ അധികം വരുന്ന പാൽ എന്ത് ചെയ്യുമെന്ന ആശങ്കയുണ്ട്. തമിഴ്നാട്ടിലും കർണാടകത്തിലും പാൽ കൊണ്ടുപോയി പാൽപ്പൊടിയാക്കുന്നുണ്ട്. ഇതിന് പത്ത് രൂപ ലിറ്ററിന് അധികം ചിലവാണ്. ഇത് പരിഹരിക്കാൻ ആധുനിക സൗകര്യങ്ങളോടെയുള്ള പാൽപ്പൊടി പ്ലാന്റും ബാഷ്പീകരണ പ്ലാന്‍റും സ്ഥാപിക്കും.

06:31 PM (IST) Apr 22

മുട്ടയുടെയും മാംസത്തിന്‍റെയും ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യം

മുട്ട, മാസം തുടങ്ങിയവയുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടാൻ നടപടിയെടുക്കും. പ്രതിദിനം 75 ലക്ഷം അധികം മുട്ട ഉൽപ്പാദിപ്പിക്കാൻ സൗകര്യം ഒരുക്കും. ഒരു വീട്ടിൽ അഞ്ച് കോഴികളെ വളർത്താൻ ബുദ്ധിമുട്ടുണ്ടാകില്ല. ശരാശരി രണ്ട് മുട്ട വീതം ഇതിൽ നിന്ന് ലഭിക്കും. സഹകരണ സ്ഥാപനങ്ങൾ വഴി കാർഷിക മേഖലയിൽ വായ്പ ലഭിക്കാൻ ആവശ്യമായ പദ്ധതിയുണ്ടാക്കും. ഇതിന് നബാർഡിന്‍റെ സഹായം തേടും.

06:29 PM (IST) Apr 22

കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് 69 കാരിക്ക്

കോട്ടയം പാല സ്വദേശിക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവർ ഓസ്ട്രേലിയയിൽ നിന്നും മാർച്ച് 21ന് ദില്ലിയിൽ തിരിച്ചെത്തി. ദില്ലിയിൽ നിരീക്ഷണത്തിലായിരുന്നു. ഏപ്രിൽ 13 ന് ദില്ലിയിൽ നിന്ന് കാറിൽ പാലായിലേക്ക് തിരിച്ചു.ഇടുക്കി കമ്പംമേട്‌ അതിർത്തിയിൽ വച്ച് ഏപ്രിൽ 16ന് പൊലീസ് തടഞ്ഞു. നിലവിൽ നെടുങ്കണ്ടത്ത് നിരീക്ഷണത്തിലാണ്. കൂടെയുള്ള 71 വയസുകാരനായ ഭർത്താവിന് രോഗം ഇല്ല. 

06:27 PM (IST) Apr 22

കോഴിക്കോട് നഴ്സിനും രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് സ്ഥിരീകരിച്ചതിലൊരാൾ നഴ്സ്. മറ്റൊരാൾ ഹൗസ് സർജൻസി ചെയ്യുന്ന മെഡിക്കൽ വിദ്യാർഥി.

06:25 PM (IST) Apr 22

മുംബൈയിലെ നഴ്സുമാരുടെ കാര്യത്തിൽ ഇടപെടൽ

മുംബൈയിൽ ഏപ്രിൽ 17 ന് 27 സ്റ്റാഫ് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ യാതൊരു മുൻകരുതലും സ്വീകരിക്കാതെ പാർപ്പിച്ചത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായി മുഖ്യമന്ത്രി.