ദില്ലി: ലോക്ക് ഡൗൺ സാധാരണക്കാരെ ബാധിക്കാതിരിക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കലും അതൊന്നും ആശ്വാസം നല്കാത്ത ഒരുപാടുപേര്‍ രാജ്യത്തുണ്ട്. ദില്ലി ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിൽ കൂലിപണിക്കായി കുടിയേറിയവര്‍. 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നഗരം വിട്ട് ഏറെ ദൂരയുള്ള ഗ്രാമങ്ങളിലേക്ക് നടക്കുകയാണ് പലരും. 

ദില്ലിയിൽ നിന്ന് കാൻപൂരിലേക്കും ഫിറോസാബാദിലേക്ക് നടക്കുന്നവര്‍. വെള്ളം കുടിച്ച് വിശപ്പകറ്റി ദില്ലിയിലെ റിക്ഷാ തൊഴിലാളികൾ. ഇവരൊക്കെയും ലോക്ക് ഡൗൺ സൃഷ്ടിച്ച പ്രതിസന്ധിയിൽ നട്ടംതിരിയുന്ന തൊഴിലാളി സമൂഹത്തിന്റെ പ്രതിനിധികളാണ്. "കഴിക്കാൻ റൊട്ടിയെങ്കിലും തരണം, സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. വിശപ്പടക്കാൻ വെള്ളമാണ് കുടിക്കുന്നത്.ഒന്നും കഴിക്കാനില്ല. ഇവിടെ കിടന്ന് മരിക്കുകയേ ഉള്ളു."-മീററ്റ് സ്വദേശിയും റിക്ഷാ തൊഴിലാളിയുമായ സത് നാരായണൻ പറയുന്നു. നാളെയോ മറ്റന്നാളോ എത്തും. എന്തുചെയ്യാനാകും. കയ്യിൽ ഒറ്റപൈസയില്ല. നടന്ന് എത്തുന്നതുവരെ നടക്കും. അല്ലാതെ ഞങ്ങൾ എന്തുചെയ്യും?"- ഫിറോസാബാദ് സ്വദേശി നളിനിയുടെ വാക്കുകളാണ്‌. 

 

കൊവിഡിനെ നേരിടാൻ എല്ലാവരും വീട്ടിലിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.എന്നാൽ ഇവരുടെ വീട്‌  ഉത്തര്‍പ്രദേശിലും ബിഹാറിലുമൊക്കെയാണ്. ദില്ലിയിലെ വീട് റിക്ഷയും ഈ ഫുട്പാത്തുമൊക്കെ. സൈക്കിൾ റിക്ഷയിൽ ഇരുന്നും ഉറങ്ങിയും,വിശപ്പടക്കാൻ വെള്ളം കുടിക്കുന്ന ആയിരങ്ങളുണ്ട് ദില്ലിയിൽ. റിക്ഷ ചവിട്ടിയും കൂലിവേല ചെയ്തും ജീവിക്കുന്നവരാണ്ഇവരെല്ലാം. 

ഉത്തര്‍പ്രദേശിലേക്ക് പോകുന്ന അതിര്‍ത്തികളായ നോയിഡയിലും ഗാസിയാബാദിലുമൊക്കെ ആളുകൾ ചെറിയ കൂട്ടമായി നടന്നുനീങ്ങുന്നത് കാണാം. ഗതാഗത സൗകര്യം ഇല്ലാത്തതുകൊണ്ട് യു.പിയിലെ ഫിറോസാബാദിലേക്കാണ് ഇവര്‍ നടക്കുന്നത്. ദില്ലിയിൽ നിന്ന് 260 കിലോമീറ്ററുണ്ട് ഫിറോസാബാദിലേക്ക്. കാൻപൂരിലേക്കും ലക്നൗവിലേക്കുമൊക്കെ വരെ നടക്കുന്നവരെ കണ്ടു.

രാജ്യത്താകെ 45 കോടിയിലധികം അസംഘടിത തൊഴിലാളികളുണ്ടെന്നാണ് കണക്ക്. പലരും 150 രൂപവരെ മാത്രം ദിവസക്കൂലിയുള്ളവർ. നിര്‍മ്മാണ തൊഴിലാളികൾ,വീട്ടുജോലിക്കാര്‍, ചെറുകിട രംഗങ്ങളിൽ പണിയെടുക്കുന്നവര്‍. ഒരു ദിവസം പണിയില്ലെങ്കിൽ പട്ടിണി കിടക്കേണ്ടിവരും. മെട്രോ നഗരം വിട്ട് ഗ്രാമങ്ങളിലേക്കുള്ള ഈ തിരിച്ചുപോക്കും സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടിയാണ്.