ആരും മടങ്ങി വരേണ്ടതില്ലെന്ന നിതീഷ് കുമാറിൻ്റെ വാക്കുകൾ കഴിഞ്ഞ തവണ ഏറെ വിവാദമായിരുന്നു. 

ദില്ലി: രാജ്യത്ത് കൊവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെയെത്തുന്ന തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളും നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. റയിൽവേ സ്റ്റേഷനുകളിൽ പരിശോധന സംവിധാനങ്ങൾ സജ്ജമാണെന്നും നിതീഷ് കുമാർ പ്രതികരിച്ചു. ആരും മടങ്ങി വരേണ്ടതില്ലെന്ന നിതീഷ് കുമാറിൻ്റെ വാക്കുകൾ കഴിഞ്ഞ തവണ ഏറെ വിവാദമായിരുന്നു. ഇതോടെയാണ് ഇത്തവണ എല്ലാം സജ്ജമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. 

രണ്ടാംതരംഗത്തില്‍ രാജ്യത്ത് കൊവിഡിന്‍റെ അതിതീവ്രവ്യാപനം തുടരുകയാണ്. 24 മണിക്കൂിനിടെ ഒരു ലക്ഷത്തി മുപ്പത്തി ഒന്നായിരത്തി തൊള്ളായിരത്തി അറുപത്തിയെട്ട് പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ്. 

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ദില്ലിയിലെ മുഴുവന്‍ സ്‌കൂളുകളും കോളേജുകളും അടച്ചു. ഇനി ഒരുത്തരവ് ഉണ്ടാകും വരെ തുറക്കില്ലെന്ന് ദില്ലി സര്‍ക്കാര്‍ അറിയിച്ചു. രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ ദില്ലിയിലെ എയിംസ്, രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ കൊവിഡിതര ചികിത്സ നിര്‍ത്തി വച്ചിരിക്കുകയാണ്.