Asianet News MalayalamAsianet News Malayalam

Covid India : രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയെത്തി; 7 സംസ്ഥാനങ്ങളിൽ വ്യാപനം കുറഞ്ഞു

അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയെത്തുന്നത്. ദില്ലി, മുംബൈ, ബിഹാർ, ഗുജറാത്ത്, ഭോപാൽ തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളിൽ കുറവുണ്ടായി. 

covid  number of patients per day in the country has come down to less than three lakh
Author
Delhi, First Published Jan 25, 2022, 6:32 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് (Covid) വ്യാപനം കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയെത്തി. ഏഴ് സംസ്ഥാനങ്ങളിൽ പ്രതിവാര കേസുകൾ കുത്തനെ കുറഞ്ഞു. സംസ്ഥാനങ്ങളിൽ പരിശോധനയുടെ എണ്ണം കൂട്ടാൻ  കേന്ദ്ര ആരോഗ്യമന്ത്രി നിർദേശിച്ചു.

അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയെത്തുന്നത്. രണ്ട് ലക്ഷത്തി അൻപത്തിയയ്യായിരത്തി എണ്ണൂറ്റി എഴുപത്തി നാല് പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലി, മുംബൈ, ബിഹാർ, ഗുജറാത്ത്, ഭോപാൽ തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളിൽ കുറവുണ്ടായി. ദില്ലിയിൽ കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഉടൻ ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. 

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകിരിച്ച കർണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ  രോഗവ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയിൽ കണക്കുകൾ മുപ്പതിനായിരത്തിന് താഴെയെത്തി. 

അതേസമയം കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം മുൻ ആഴ്ച്ചകളെ അപേക്ഷിച്ച് കഴിഞ്ഞയാഴ്ച്ച കൂടി.  ഇന്നലെ 614 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ്,ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ഉൾപ്പടെ ,ഒൻപത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ചർച്ച  നടത്തി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വാക്സിനേഷൻ, പരിശോധന വിവരങ്ങൾ കൃത്യസമയത്ത് നൽകണമെന്നും അദ്ദേഹം പറഞ്ഞു.  പ്രായപൂർത്തിയായവരിൽ 73 ശതമാനം പേർ വാക്സിനേഷൻൻ പൂർത്തിയാക്കി. ഇത് മൂന്നാം തരംഗത്തിൻറെ തീവ്രത കുറയ്ക്കാൻ സഹായകരമായി എന്നാണ് കേന്ദ്രത്തിൻറെ വിലയിരുത്തൽ.

Follow Us:
Download App:
  • android
  • ios