ബം​ഗളൂരു:  ബംഗളുരുവിൽ ആംബുലൻസിനായി റോഡിൽ മണിക്കൂറുകൾ കാത്തുനിന്ന കോവിഡ് രോഗി തളർന്നു വീണ് മരിച്ചു. ബെംഗളൂരു ഹനുമന്ത നഗറിൽ ഇന്നലെ വൈകീട്ടാണ് സംഭവം. 63 വയസുകാരനാണ് ശ്വാസം കിട്ടാതെ മരിച്ചത്. ബംഗളുരുവിലെ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നെന്ന പരാതികൾ വ്യാപകമാവുമ്പോഴാണ് സംഭവം. ബെംഗളൂരു കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു. 

വീട്ടിൽ നിന്നും പുറത്തിറങ്ങി മണിക്കൂറുകളോളം ആംബുലൻസിനായി കാത്തിരുന്നു. നാലുമണിക്കൂറോളം അദ്ദേഹം ആംബുലൻസിനായി നോക്കിയിരുന്നു. ആശുപത്രി അധികൃതരെ വിളിച്ചപ്പോൾ ബെഡ്ഡുകളൊന്നും ഒഴിവില്ല എന്നായിരുന്നു മറുപടി. ഏറെ നേരം റോഡിൽ കാത്തു നിന്നതിന് ശേഷം റോഡിൽ കുഴഞ്ഞ് വീണ് മരിക്കുകയാണുണ്ടായതെന്ന് അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആയിരത്തിലധികം രോ​ഗികളാണ് ബം​ഗളൂരു ന​ഗരത്തിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികള്‍ക്കടക്കം കൊവിഡ് ചികിത്സയ്‍ക്കായി സര്‍ക്കാര്‍ അനുമതി നല്‍കിയത്.ഇതിന് നിശ്ചിതമായ ഒരു ഫീസും സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിരുന്നു. എന്നിട്ടും പല ആശുപത്രികളും ചികിത്സ നിഷേധിക്കുന്ന സാഹചര്യമാണുള്ളത്.രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ല തുടങ്ങിയ പരാതികള്‍ സര്‍ക്കാരിന് മുന്നിലെത്തിയ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ദാരുണമായ സംഭവം നഗര മധ്യത്തില്‍ തന്നെ നടന്നിരിക്കുന്നത്.