തെലങ്കാന : തെലങ്കാനയിലെ കരിം നഗറിൽ ഒരു കൊവിഡ് രോഗി ആശുപത്രിയിലെ കിടക്കയിൽ നിന്ന് താഴെ വീണ് ദാരുണമായി മരണപ്പെട്ടു. താഴെ വീണപ്പോൾ രോഗിയുടെ ഓക്സിജൻ ട്യൂബ് മാറിപ്പോയതും, അയാളെ ആരും തന്നെ ശ്രദ്ധിക്കാതിരുന്നതും ആണ് മരണത്തിലേക്ക് നയിച്ചത്. ജൂലൈ 22 -ന് ആശുപത്രിയിൽ അഡ്മിറ്റ് ആയ ഈ എഴുപതുകാരൻ ഇന്നലെയാണ് മരണപ്പെട്ടത്. രോഗി വാർഡിലെ വെറും നിലത്ത് മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇ ടിവി പ്രക്ഷേപണം ചെയ്തിരുന്നു. 

 

ഇയാൾക്ക് മരിക്കുന്നതിന് മുമ്പുള്ള മണിക്കൂറുകളിൽ കലശലായ ശ്വാസതടസ്സം നേരിട്ടിരുന്നു. ഓക്സിജൻ നൽകി വാർഡിലെ കിടക്കയിൽ കിടത്തിയിരുന്ന ഇയാൾ എങ്ങനെയോ താഴെ വീഴുകയും ഓക്സിജൻ സപ്ലൈ മുടങ്ങുകയുമാണ് ഉണ്ടായത്. എന്നാൽ, ഇയാൾ താഴെ വീണ് ഏറെ നേരം കഴിഞ്ഞിട്ടും അപ്പുറം ഇപ്പുറം കിടന്നിരുന്ന രോഗികളോ, ആശുപത്രി അധികൃതരോ തിരിഞ്ഞു പോലും നോക്കിയില്ല. അവസാനം ശ്വാസമെടുക്കാനാവാതെ ഇയാൾ മരണത്തിന് കീഴടങ്ങുകയാണുണ്ടായത്.

 

ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തങ്ങൾക്ക് വേണ്ടത്ര സ്റ്റാഫ് ഡ്യൂട്ടിയിൽ ഇല്ലാത്തതാണ് ശ്രദ്ധിക്കാൻ സാധിക്കാതിരുന്നതിന്റെ കാരണമെന്ന വിശദീകരണവുമായി ആശുപത്രി അധികൃതരും രംഗത്ത് വന്നിട്ടുണ്ട്.

 

 

കരിം നഗറിൽ ഇന്നലെ മാത്രം 51 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെലങ്കാന സംസ്ഥാനത്ത് ഇന്നലത്തെ രോഗസ്ഥിരീകരണങ്ങളുടെ എണ്ണം 1593 ആണ്. സംസ്ഥാനത്ത് ഇതുവരെ 54,059 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.