തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് ആശങ്ക വർധിക്കുന്നു. കേരളത്തിൽ ഇന്ന് 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചാബിൽ 13 പേർക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെ 24 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിനും കർണ്ണാടകത്തിലും ഗുജറാത്തിലും ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേര്‍ കാസര്‍കോട്ടും മൂന്ന് പേര്‍ കണ്ണൂരുമാണ്. മൂന്ന് പേർ എറണാകുളത്തുമാണ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 രണ്ടായി. 

തമിഴ്‌നാട്ടിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേരും വിദേശികളാണ്. ചെന്നൈയിലെത്തിയ രണ്ട് തായ്‌ലന്റ് സ്വദേശികൾക്കും ഒരു ന്യൂസിലാന്റ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ആറായി ഉയർന്നു.

തമിഴ്‌നാട്ടിൽ തലസ്ഥാനമായ ചെന്നൈയിലെ മറീന ബീച്ച് അടച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ സന്ദർശകർക്ക് പൂർണ വിലക്ക്. തിരുവാൺമിയുർ ഉൾപ്പടെ ചെന്നൈയിലെ മറ്റ് ബീച്ചുകളിലും സന്ദർശകർക്ക് വിലക്കുണ്ട്. 

കർണ്ണാടകത്തിൽ മൂന്ന് പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 18 ആയി. ഗുജറാത്തിൽ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13 ആയി. ഗുജറാത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക