'ഞാൻ മരിച്ചുകഴിഞ്ഞ് നിങ്ങളെല്ലാവരും സന്തോഷത്തോടെ ജീവിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ?' എന്ന് ചോദിച്ചാണ് ഇവർ മരുമകളെ കെട്ടിപ്പിടിച്ചത്. 

ദില്ലി: കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കവിലക്കിൽ കഴിയേണ്ടി വന്ന സ്ത്രീ, മരുമകളെ ബലാത്ക്കാരമായി ആലിം​ഗനം ചെയ്യുകയും മരുമകൾക്ക് കൊവിഡ് ബാധിക്കുകയും ചെയ്തു. ഐസോലേഷനിൽ കഴിയേണ്ടി വന്നതിൽ പ്രകോപിതയായാണ് സ്ത്രീ ഇപ്രകാരം ചെയ്തത്. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് യുവതി അവരുടെ സഹോദരിക്കൊപ്പം പോയി. 

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിലെ എല്ലാവരും തന്നോട് അകലം പാലിക്കുന്നതിൽ ഇവർ അസ്വസ്ഥയായിരുന്നുവെന്ന് യുവതി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. തനിക്കും കൊവിഡ് ഉണ്ടാകട്ടെ എന്ന് പറഞ്ഞാണ് അമ്മായിഅമ്മ തന്നെ ബലമായി കെട്ടിപ്പിടിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു. വീഡിയോ അഭിമുഖത്തിൽ ആരോ​ഗ്യപ്രവർത്തകരോട് യുവതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ വാർത്തയിൽ പറയുന്നു 

ഐസോലേഷനിൽ കഴിഞ്ഞിരുന്ന സ്ത്രീക്ക് ഒരു നിശ്ചിത സ്ഥലത്താണ് ഭക്ഷണം നൽകിയിരുന്നത്. മാത്രമല്ല കുടുംബാം​ഗങ്ങളും പേരക്കുട്ടികളും ഇവരിൽ നിന്ന് അകലം പാലിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം അവരെ പ്രകോപിപ്പിച്ചിരുന്നു. പ്രകോപിതയായതിനെ തുടർന്ന് മരുമകൾക്കും കൊവിഡ് ബാധിക്കണമെന്ന് അവർ ആ​ഗ്രഹിച്ചു. 'ഞാൻ മരിച്ചുകഴിഞ്ഞ് നിങ്ങളെല്ലാവരും സന്തോഷത്തോടെ ജീവിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ?' എന്ന് ചോദിച്ചാണ് ഇവർ മരുമകളെ കെട്ടിപ്പിടിച്ചത്. യുവതി ഇപ്പോൾ സഹോദരിയുടെ വീട്ടിൽ ഐസൊലേഷനിൽ ചികിത്സയിൽ കഴിയുകയാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona