ദില്ലി: കൊവിഡ് മുക്തയായ ഡോക്ടറെ വീട്ടിലേക്ക് മടങ്ങിയെത്തിയതിന് അയല്‍വാസി അസഭ്യം പറഞ്ഞും അതിക്ഷേപിച്ചും അപമാനിച്ചതായി പരാതി. ഡോകട്റെ അവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ പൂട്ടിയിടുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. കൊവിഡ് ബാധിച്ച രോഗിയെ ചികിത്സിച്ചത് വഴിയാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ ഇവരിലേക്ക് രോഗം പടര്‍ന്നത്. 

രോഗ മുക്തയായതിനെ തുടര്‍ന്ന് വിദഗ്ധര്‍ ഹോം ക്വാറന്‍റൈന്‍ നിര്‍ദ്ദേശിച്ചതോടെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഡോക്ടര്‍ക്ക്. എന്നാല്‍ ഡോക്ടര്‍ മറ്റെവിടെയെങ്കിലും പോയി താമസിക്കണമെന്ന് അയല്‍വാസി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡോക്ടറെ അസഭ്യം പറയുകയും വീട്ടിനുള്ളില്‍ പൂട്ടിയിടുകയുമായിരുന്നു. 

''...ഏകദേശം വൈകീട്ട് നാല് മണിയോടെ എന്‍റെ ഫ്ലാറ്റില്‍ വന്ന മനീഷ് എന്നെ അസഭ്യം പറയുകയും ചീത്തവിളിക്കുകയും ചെയ്തു. എനിക്ക് ഇപ്പോഴും കൊവിഡ് പോസിറ്റീവ് ആണെന്നും എനിക്കിവിടെ താമസിക്കാനാവില്ലെന്നും അയാള്‍ പറഞ്ഞു. രണ്ടുതവണ നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവാണെന്ന് വിശദീകരിച്ച് നല്‍കിയെങ്കിലും എനിക്ക് നേരെയുള്ള ആക്രോശം അയാള്‍ അവസാനിപ്പിച്ചില്ല...'' ഡോക്ടര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.  

''ആരെ വിളിച്ച് പറഞ്ഞിട്ടാണെങ്കിലും ഇപ്പോള്‍ ഇവിടെ നിന്ന് ഇറങ്ങണം'' എന്നാണ് അയാള്‍ ഡോക്ടറോട് പറഞ്ഞത്. ഡോക്ടറുടെ പരാതിയില്‍ മനീഷ് എന്നയാള്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു.