ദില്ലി: രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 93.67 ശതമാനത്തിലെത്തി. ഇന്നലെ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആകെ രോഗ മുക്തരുടെ എണ്ണം 84,78124 ആയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇന്നലെ 46,232 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

ആകെ രോഗികളുടെ എണ്ണം ഇതോടെ 90,50,597 ആയി ഉയര്‍ന്നു. ഇന്നലെ 49,715 പേരാണ് രോഗ മുക്തരായത്. ഇന്നലെ 564 പേര്‍ മരിച്ചതോടെ  ആകെ മരണം 1,32726 ആയി ഉയര്‍ന്നു. അതിനിടെ കൊവിഡ് ബാധ രൂക്ഷമായ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കാന്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക്  കേന്ദ്രം പ്രത്യേക സംഘത്തെ അയച്ചിരുന്നു. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെത്തുന്ന വിദഗ്ധ സംഘം കൊവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തും. പരിശോധന കൂട്ടാനും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാനുമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

അതേസമയം, രോഗവ്യാപനം തടയുന്നതിനായി ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് കർഫ്യു പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ എല്ലാ ജില്ലകളിലും സർക്കാർ നിയന്ത്രണങ്ങളേർപ്പെടുത്തി. ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ആഭ്യന്തര വകുപ്പ് ജില്ലാ ഭരണകൂടങ്ങൾക്ക് നി‍ർദ്ദേശം നൽകി.