Asianet News MalayalamAsianet News Malayalam

കൊവിഡ് ആധികാരിക പരിശോധന ആർടി പിസിആർ തന്നെ, കാസർകോടിന് കേന്ദ്ര പ്രശംസ

കൊവിഡിനെ പിടിച്ചുകെട്ടിയ കാസർകോട് മാതൃകയ്ക്ക് അഭിനന്ദനവുമായി കേന്ദ്രസർക്കാർ. ആകെയുള്ളതിൽ 15.3% പ്രവാസികളായിരിക്കെ, അവിടെ നിന്ന് തിരികെയെത്തിയവരെ എല്ലാം കൃത്യമായി ക്വാറന്‍റൈൻ ചെയ്തതടക്കം കാസർകോടിന്‍റെ നേട്ടങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയം എടുത്തുപറഞ്ഞു. 

covid rtpcr is important in testing rapid tests are for obervation says centre praises kasargod model
Author
New Delhi, First Published Apr 18, 2020, 6:41 PM IST

ദില്ലി: കൊവിഡിന് ആധികാരിക പരിശോധന ഇപ്പോഴും ആന്‍റിബോഡി ടെസ്റ്റ് എന്ന ആർടി പിസിആർ തന്നെയാണെന്ന് കേന്ദ്രസർക്കാർ.റാപ്പിഡ് ടെസ്റ്റുകൾ നടത്തുന്നത് നിരീക്ഷണത്തിനാണ്. വൈറസ് ദേഹത്തിനുള്ളിൽ കടന്ന് ഏഴ് ദിവസം കഴിഞ്ഞിട്ടില്ലെങ്കിൽ റാപ്പിഡ് ടെസ്റ്റ് വഴി കണ്ടെത്താനാകില്ല. അതിനാൽ ഹോട്ട് സ്പോട്ടുകളിൽ പരിശോധനയ്ക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മരിച്ചത് 43 പേരാണെന്നും, 991 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്രസർക്കാർ അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 14,378 ആയി ഉയർന്നു. ആകെ രാജ്യത്തെ മരണസംഖ്യ 488 ആണ്. രാജ്യത്തെ കൊവിഡ് ബാധ ഇപ്പോഴും നിയന്ത്രണ വിധേയം തന്നെയാണെന്ന് പറഞ്ഞ കേന്ദ്രസർക്കാർ മരണനിരക്ക് വെറും 3.35% മാത്രമാണെന്നും വ്യക്തമാക്കി. കൊവിഡിനെ നിയന്ത്രണവിധേയമാക്കിയ കാസർകോട് മാതൃകയെ കേന്ദ്രസർക്കാർ അഭിനന്ദിക്കുകയും ചെയ്തു.

രാജ്യത്തെ ആകെ 14,378 കേസുകളിൽ 4291 കേസുകളും ദില്ലി നിസാമുദ്ദീനിൽ നടന്ന തബ്‍ലീഗ് ജമാ അത്ത് ചടങ്ങുമായി ബന്ധപ്പെട്ടതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതായത് ആകെ കേസുകളിൽ 30 ശതമാനത്തോളം (29.8%) തബ്‍ലീഗുമായി ബന്ധപ്പെട്ടതാണ്. ഇതിൽത്തന്നെ തമിഴ്നാട്ടിലാണ് തബ്‍ലീഗുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതമായി കണ്ടെത്തിയ അഞ്ച് സംസ്ഥാനങ്ങളിൽ അമ്പത് ശതമാനത്തിലധികം കേസുകളും തബ്‍ലീഗുമായി ബന്ധപ്പെട്ടതാണ്. തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ 80 %, ദില്ലിയിൽ 63%, തെലങ്കാനയിൽ 79%, ഉത്തർപ്രദേശിൽ 59%, ആന്ധ്രാപ്രദേശിൽ 61% കേസുകളും തബ്‍ലീഗുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തതാണെന്നും കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇതോടൊപ്പം, മരണനിരക്കിലും പുതിയ ചില കണക്കുകൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. 0 - 45 വയസ്സ് വരെയുള്ളവരിൽ മരണനിരക്ക് - 14.4% ആണ്. 45 - 60 വയസ്സ് വരെയുള്ളവരിൽ കൊവിഡ് മരണനിരക്ക് 10.3% ആണ്. 60 - 75 വയസ്സ് വരെയുള്ളവരിൽ മരണനിരക്ക് 33.1% ആകുന്നതായും, 75 വയസ്സിന് മുകളിലുള്ളവരിൽ ഇത് 42.2% ആകുന്നതായും സർക്കാർ പറയുന്നു. അതിനാൽ, വൃദ്ധരെ കരുതലോടെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

പരിശോധനയിൽ ഇപ്പോഴും ഏറ്റവും വിശ്വസനീയം ആർടി -പിസിആർ ആന്‍റിബോഡി പരിശോധനകൾ തന്നെയാണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നു. വൈറസ് ദേഹത്തിനകത്ത് കടന്നു കഴിഞ്ഞ് ഏഴ് ദിവസം കഴിഞ്ഞല്ലാതെ ത്വരിത പരിശോധനയിൽ കണ്ടെത്താനാകില്ല എന്നതിനാൽ, ഇതിനായി കൃത്യമായ ഒരു ടെസ്റ്റിംഗ് സ്ട്രാറ്റജി തയ്യാറാക്കിയതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.

അതിങ്ങനെ:

ഹോട്ട് സ്പോട്ടുകൾ -> രോഗലക്ഷണം ഉണ്ടെങ്കിൽ -> ഏഴ് ദിവസത്തിൽ താഴെയാണ് രോഗബാധിതരുമായി സമ്പർക്കം പുലർത്തുകയോ, വിദേശ യാത്ര കഴിഞ്ഞ് വരികയോ മറ്റൊരു ഹോട്ട് സ്പോട്ടിൽ നിന്ന് വരികയോ ചെയ്തതെങ്കിൽ - ആർ ടി പിസിആർ ആന്‍റിബോഡി ടെസ്റ്റ് നടത്തും. ഇതിൽ കൊവിഡ് ഫലം നെഗറ്റീവെങ്കിൽ നിരീക്ഷണത്തിൽ തുടരണം. അതല്ലെങ്കിൽ ചികിത്സയിലേക്ക്.

ഹോട്ട് സ്പോട്ടുകൾ -> രോഗലക്ഷണം ഉണ്ടെങ്കിൽ -> രോഗബാധിതരുമായി സമ്പർക്കം പുലർത്തുകയോ, വിദേശ യാത്ര കഴിഞ്ഞ് വരികയോ മറ്റൊരു ഹോട്ട് സ്പോട്ടിൽ നിന്ന് വരികയോ ചെയ്ത് ഏഴ് ദിവസം കഴിഞ്ഞെങ്കിൽ റാപ്പിഡ് ടെസ്റ്റ് നടത്തും -> ഇതിൽ നെഗറ്റിവാണെങ്കിലും പതിനാല് ദിവസം നിരീക്ഷണത്തിൽ തുടരണം, അതല്ലെങ്കിൽ ചികിത്സയിലേക്ക്.

കാസർകോട് മാതൃകയ്ക്ക് അഭിനന്ദനം

രാജ്യത്തിനെങ്ങും കാസർകോട്ടെ മാതൃക അനുകരണീയമാണെന്ന് കേന്ദ്രസർക്കാർ. നേരത്തേ കാസർകോട് കൊവിഡ് ഹോട്ട് സ്പോട്ടായിരുന്നിട്ടും, കൃത്യമായ നിയന്ത്രണങ്ങളിലൂടെ ഇവിടെ രോഗവ്യാപനം തടഞ്ഞുനിർത്താനായി. ആകെയുള്ള ജനസംഖ്യയിൽ 15.3% പ്രവാസികളായിരിക്കെ, അവിടെ നിന്ന് തിരികെയെത്തിയവരെ എല്ലാം കൃത്യമായി ക്വാറന്‍റൈൻ ചെയ്തതടക്കം കാസർകോടിന്‍റെ നേട്ടങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയം എടുത്തുപറഞ്ഞു. 

54% ആണ് കാസർകോട്ടെ രോഗമുക്തിയുടെ ശതമാനക്കണക്ക്. ഇതുവരെ ഒരു മരണം പോലും റിപ്പോ‍ർട്ട് ചെയ്തിട്ടില്ല. തലസ്ഥാനവുമായി ദൂരെ കിടക്കുകയും, ഇത്ര വലിയ പ്രവാസിസമൂഹമുണ്ടായിട്ടും, കൃത്യമായ നടപടികളിലൂടെയാണ് കാസർകോടിന് കൊവിഡിനെ തടഞ്ഞു നിർത്താനായത്. സംസ്ഥാനസർക്കാർ ഉടനടി കാസർകോടിനായി പ്രത്യേക ഓഫീസറെ നിയമിച്ചു. കോണ്ടാക്ട് ട്രേസിംഗിന് ജിയോ സ്പെഷ്യൽ ട്രാക്കിംഗ് നടത്തി, വൈറസ് വ്യാപനം തടയാൻ ബ്രേക്ക് ദ ചെയ്ൻ ക്യാംപെയ്ൻ സജീവമാക്കി, സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ തുടങ്ങി, എല്ലാറ്റിനുമുപരി, നാല് ദിവസം കൊണ്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും നഴ്സുമാരുമായി കാസർകോട് ഒരു പ്രത്യേക ആശുപത്രി സജ്ജീകരിച്ചു, 17,373 പേരെ ഹോം ക്വാറന്‍റൈനിലാക്കി പരിശോധിച്ചു, നൂറ് ശതമാനം വീടുകളിലും പോയി രോഗവിവരം തിരക്കി, ഷെൽട്ടർ ഹോമുകളും സമൂഹ അടുക്കളകളും സജ്ജീകരിച്ചു - അങ്ങനെ എല്ലാ തരത്തിലും പരിശോധന കർശനവും മനുഷ്യത്വപരവുമാക്കിയതിന്‍റെ ഫലമാണ് ഈ മാതൃകയുടെ വിജയമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.

ഹൈഡ്രോക്സി ക്ലോറോക്വിന് പാർശ്വഫലങ്ങളുണ്ടോ?

കൊവിഡ് പ്രതിരോധ മരുന്നായി തൽക്കാലം ഉപയോഗിക്കാമെന്ന് ചില ആരോഗ്യവിദഗ്ധരെങ്കിലും കരുതുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍റെ പാർശ്വഫലങ്ങളെക്കുറിച്ച് പരിശോധന നടത്തി വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും വ്യക്തമാക്കി. ഒരു മൾട്ടിപർപ്പസ് വാക്സിന് വേണ്ടിയുള്ള ശ്രമം ഇന്ത്യ തുടങ്ങിയിട്ടുണ്ട്. നിലവിൽ ക്ലിനിക്കൽ പരിശോധനാഫലങ്ങളൊന്നും ഇല്ലെന്നും, ഇതിൽ നിരീക്ഷണഫലങ്ങൾ മാത്രമാണ് ശാസ്ത്രജ്ഞർക്ക് മുന്നിലുള്ളതെന്നും ഐസിഎംആർ ഹെഡ് സയന്‍റിസ്റ്റ് ഡോ. ഗംഗാധേക്കർ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios