Asianet News MalayalamAsianet News Malayalam

കൊവിഡ് രണ്ടാം തരംഗത്തിൽ രോഗലക്ഷണം കുറവ്, മുന്നറിയിപ്പ് അവഗണിച്ചോ കേന്ദ്രം?

കൊവിഡ് രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ സന്ധിവേദന, തലവേദന, വരണ്ടചുമ എന്നിവ പ്രകടമായിരുന്നുവെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വ്യക്തമാക്കുന്നു. എന്നാൽ രണ്ടാം തരംഗത്തിൽ രോഗലക്ഷണങ്ങൾ കുറവാണ്. ഭൂരിഭാഗം പേരിലും ശ്വാസതടസ്സമാണ് കാണുന്നത്.

covid second wave icmr briefs about symptoms
Author
New Delhi, First Published Apr 19, 2021, 4:11 PM IST

ദില്ലി: കൊവിഡ് രണ്ടാംതരംഗത്തിൽ രോഗികളുടെ എണ്ണം കുത്തനെ മുകളിലേക്ക് കുതിക്കവേ, രോഗലക്ഷണങ്ങൾ കാണപ്പെടുന്നത് കുറവാണെന്ന് ഐസിഎംആർ പറയുന്നു. ഭൂരിഭാഗം രോഗികളിലും ശ്വാസതടസ്സമാണ് കാണപ്പെടുന്നത്. രണ്ടാംതരംഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ 70 ശതമാനം രോഗികളും നാൽപത് വയസ്സിന് മുകളിലുള്ളവരാണ്. കൊവിഡ് രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ സന്ധിവേദന, തലവേദന, വരണ്ടചുമ എന്നിവ പ്രകടമായിരുന്നുവെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വ്യക്തമാക്കുന്നു. 

ഇതിനിടെ, വാക്സീൻ ഉത്പാദനത്തിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിനുള്ള 3000 കോടിയും ഭാരത് ബയോടെക്കിനുള്ള 1500 കോടിയും ധനമന്ത്രാലയം, അനുവദിച്ചെന്ന് സൂചനകളുണ്ടെന്നാണ് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. കൃത്യമായ സമയത്ത് വാക്സീൻ ഉത്പാദിപ്പിച്ച് സൂക്ഷിക്കാൻ കേന്ദ്രസർക്കാർ കൃത്യമായ നടപടികളെടുത്തില്ല എന്ന ആക്ഷേപമുയരുമ്പോഴാണ് കേന്ദ്രധനമന്ത്രാലയത്തിന്‍റെ നടപടി. 

നാലരയ്ക്ക് പ്രധാനമന്ത്രി ഡോക്ടർമാരുമായി സംസാരിക്കുന്നുണ്ട്. കൊവിഡ് വ്യാപനം തടയാനുള്ള നിർദ്ദേശങ്ങൾ പ്രധാനമന്ത്രി ഈ യോഗത്തിൽ ചർച്ച ചെയ്യും. 

അതേസമയം, രണ്ടാംതരംഗത്തിന്‍റെ വ്യക്തമായ സൂചനകള്‍ മുന്‍പിലുണ്ടായിരുന്നിട്ടും കേന്ദ്രസര്‍ക്കാരിന്‍റെ അലംഭാവം കാര്യങ്ങള്‍ തകിടം മറിച്ചെന്ന ആക്ഷേപം ശക്തമാവുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നടത്തിയ സെറോ സര്‍വ്വേ ഫലം രണ്ടാംതരംഗത്തിന്‍റെ സൂചനയായിരുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ യഥാര്‍ത്ഥ കണക്ക് മറച്ചുവയ്ക്കുകയാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

സെറോ സർവേ ഫലം അവഗണിച്ചോ?

കഴിഞ്ഞ മാർച്ച് പത്ത് വരെ ഇന്ത്യയില്‍ 37 സെറോ സര്‍വ്വേകള്‍ നടന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ദേശീയ തലത്തില്‍ 3, സംസ്ഥാനങ്ങളില്‍ 14, ഗവേഷണ സ്ഥാപനങ്ങളുടെ വകയായി 20. ഇത് വരെ എത്ര പേരിൽ രോഗം സ്ഥിരീകരിച്ചു, അവശേഷിക്കുന്നവരില്‍ രോഗം ബാധിക്കാനുള്ള സാധ്യത, വൈറസിന്‍റെ സ്വഭാവം എന്നിവ വ്യക്തമായി വിശദീകരിച്ച റിപ്പോര്‍ട്ടുകള്‍ ആരോഗ്യമന്ത്രാലയത്തിന് കൈമാറിയിരുന്നു. നവംബര്‍ മുതൽ ജനുവരി വരെയുള്ള മാസങ്ങളില്‍ രാജ്യത്ത് പൊതുവെ രോഗവ്യാപന തീവ്രത കുറഞ്ഞ സമയമായിരുന്നു. 

എന്നാല്‍ അക്കാലയളവില്‍ കേരളത്തിലെ വ്യാപനം രൂക്ഷമായിരുന്നു. വൈറസിന്‍റെ വ്യതിയാനം സംബന്ധിച്ച സൂചന അന്ന് തന്നെ ഗവേഷകര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നാണ് വിവരം. ഇതടക്കം കണക്കിലെടുത്ത്, രോഗവ്യാപനം കുറഞ്ഞ അക്കാലയളവില്‍ കൂടുതല്‍ ജാഗ്രതയോടെ കേന്ദ്രം ഇടപെട്ടില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വരുത്താവുന്ന ആഘാതമെന്തെന്ന് മനസിലാക്കിയിട്ടും ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ല. ഓക്സിജന്‍, വാക്സീന്‍ പ്രതിസന്ധി മറികടക്കാനുള്ള വഴികളും ആലോചിച്ചില്ല. ഉത്തരവാദിത്തമില്ലാത്ത സമീപനമാണ് രോഗവ്യാപനം തീവ്രമാക്കിയതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. 

രാജ്യത്ത് പ്രതിദിന മരണനിരക്ക് ഉയരുമ്പോള്‍ ഉത്തർപ്രദേശും, ഗുജറാത്തും യാഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണെന്ന ആക്ഷേപവും കോണ്‍ഗ്രസ് ഉന്നയിച്ചു. കഴിഞ്ഞ 16-ന് ഗുജറാത്ത് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കനുസരിച്ച് സംസ്ഥാനത്ത് അന്ന് കൊവിഡ് ബാധിച്ച് മരിച്ചത് 78 പേര്‍. എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അന്നേ ദിവസം 689 പേരെ സംസ്കരിച്ചുവെന്നാണ് ശ്മശാനങ്ങളില്‍ നിന്നുള്ള കണക്ക്. ശ്മശാനങ്ങള്‍ തകര ഷീറ്റ് കൊണ്ട് മറക്കുന്ന ഉത്തര്‍പ്രദേശിലും കണക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. യതാര്‍ത്ഥ കണക്കുകള്‍ മറച്ചുവയ്ക്കുന്നതിനെതിരെ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം.

Follow Us:
Download App:
  • android
  • ios