ദില്ലി: ദില്ലിയിൽ കൊവിഡ്‌ രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക്‌. ഇന്നലെ ദില്ലി സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇതുവരെ 19,844 പേർക്കാണ് രോഗം  സ്ഥീരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ 1295 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും വലിയ വർധനവാണിത്. 

ഇന്നലെ മാത്രം 13 മരണം റിപ്പോർട്ട് ചെയ്തു.ആകെ  473 പേർ ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. അടച്ചുപൂട്ടലിനെ തുടർനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനു പിന്നാലെയാണ് രോഗികളുടെ എണ്ണം ഇത്രയും വർധിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെയാണ് മാത്രം മൂവായിരം പേർക്ക് രോഗം വന്നത്. 

വരുന്ന ആറ് ആഴ്ച്ചകൾ ദില്ലിയെ സംബന്ധിച്ച് നിർണ്ണായകമാണെന്ന് ആരോഗ്യരംഗത്തെ വിദ്ഗധർ പറയുന്നു. എന്നാൽ നിലവിലുള്ള നിയന്ത്രണങ്ങൾ എടുത്തുകളയാനാണ് സർക്കാർ നീക്കം. ഇതിനിടെ എയിംസ് ഉൾപ്പെടെയുള്ള ആശുപത്രികൾക്ക് ഡൽഹി സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകുന്നു എന്ന പരാതിയിലാണ് നോട്ടീസ്. 

എയിംസിന് പുറമെ സഫ്ദർജംഗ്, ആർ. എം. എൽ, ലോക് നായക് തുടങ്ങിയ ആശുപത്രികളും വിശദീകരണം നൽകണം. നേരത്തെ ആശുപത്രികളും സർക്കാരും നൽകുന്ന കണക്കുകളിൽ അവ്യക്തത ഉണ്ടായത് വിവാദമായിരുന്നു.