ദില്ലി: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ വിവിധ സംസ്ഥാനങ്ങൾ വീണ്ടും ലോക്ഡൗണിൽ. ഒരു ഡസനിലേറെ സംസ്ഥാനങ്ങൾ ഭാഗികമായും ചില സംസ്ഥാനങ്ങൾ പൂർണമായും ലോക്‌ഡൗൺ ഏർപ്പെടുത്തി. മിക്ക സംസ്ഥാനങ്ങളും വാരാന്ത്യ ലോക്ഡൌൺ പ്രഖ്യാപിച്ചു. രോഗികളുടെ എണ്ണം നാലായിരത്തോളം എത്തിയതോടെ, നാളെ മുതൽ നാല് ദിവസം ത്രിപുരയിൽ പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിൽ രോഗികളുടെ എണ്ണം അമ്പത്തിയാറായിരം കടന്നത്തോടെ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തി. നഗരങ്ങളിൽ പൊതുഗതാഗതവും ഇല്ല. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്നെ രോഗബാധിതനായ മധ്യപ്രദേശിൽ ഭോപ്പാൽ നഗരം പത്ത് ദിവസത്തേക്ക് അടച്ചു. ഞായറാഴ്‍ചകളിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ കോയമ്പത്തൂർ നഗരം രണ്ടു ദിവസത്തേക്ക് അടച്ചു. 

അറുപതിനായിരത്തിലേറെ രോഗികൾക്കുള്ള ഉത്തർപ്രദേശിൽ വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിൽ ഹരിദ്വാറും നൈനിത്താലുമടക്കം നാലു ജില്ലകൾ അടച്ചു. ജമ്മുവിൽ അറുപത് മണിക്കൂർ ലോക്ഡൗൺ വെള്ളിയാഴ്ച തുടങ്ങി. കാശ്മീരിൽ ആറ് ദിവസ ലോക്ഡൗൺ ആണ്. ജമ്മുകശ്മീരിൽ രോഗികളുടെ എണ്ണം പതിനാറായിരം കടന്നു. മൂന്നര ലക്ഷത്തിലേറെ രോഗികൾക്കുള്ള മഹാരാഷ്ട്രയിൽ നാഗ്പൂരിൽ നഗരത്തിൽ ഇന്നും നാളെയും ജനത കർഫ്യൂ ആണ്. നാഗാലാൻഡിൽ തലസ്ഥാനമായ കൊഹീമയിൽ ഈ മാസം അവസാനം വരെ സമ്പൂർണ്ണ ലോക്ഡൌൺ  പ്രഖ്യാപിച്ചു. മേഘാലയയിലെ ഷില്ലോംഗ് നഗരം അടച്ചു. ഛത്തീസ്ഘണ്ഡിൽ നഗരപരിധികളിൽ, ഏഴു ദിവസം അടച്ചുപൂട്ടൽ ഏർപ്പെടുത്തി. ഒഡീഷയിൽ അഞ്ചു ജില്ലകൾ 14 ദിവസ ലോക്ഡൗണിലാണ്. രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമാണ്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷത്തി എൺപത്തി മൂവായിരത്തിന് മുകളിലാണ്.