2028 മുതൽ നിയമം പ്രാബല്യത്തിൽ വരും

മസ്കറ്റ്: വ്യക്തി​ഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാൻ. 42,000 റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് അഞ്ച് ശതമാനം നികുതിയായിരിക്കും ഏർപ്പെടുത്തുന്നത്. 2028 മുതൽ നിയമം പ്രാബല്യത്തിൽ വരും. എണ്ണ വരുമാനത്തിലുള്ള ആശ്രയം കുറച്ചുകൊണ്ട് സർക്കാരിലേക്കുള്ള വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച രാജകീയ ഉത്തരവ് (റോയൽ ഡിക്രി നമ്പർ.56/2025) ഒമാൻ ഭരണാധികാരി പുറപ്പെടുവിച്ചു.

മേഖലയിൽ വ്യക്ത​ഗത ആദായനികുതി ഏർപ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമായി ഇതോടെ ഒമാൻ മാറും. 2028ന്റെ തുടക്കത്തിൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അനന്തരാവകാശം, സകാത്ത്, സംഭാവനകൾ, പ്രാഥമിക ഭവനം, മറ്റ് ഘടകങ്ങൾ തുടങ്ങിയ സാമൂഹിക പരിഗണനകൾ കണക്കിലെടുത്ത് കിഴിവുകളും ഇളവുകളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നികുതി ഏർപ്പെടുത്തുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും ആവശ്യകതകളും പൂർത്തിയായതായി വ്യക്തി​ഗത ആദായ നികുതി പ്രോജക്ട് ഡയറക്ടർ കരീമ മുബാറക്ക് അൽ സാദി അറിയിച്ചു. നികുതി ഏർപ്പെടുത്തുന്നതിന് മുൻപ് ഇളവുകൾ സംബന്ധിച്ചും മറ്റുമായി സമ​ഗ്രമായ പഠനം നടത്തിയിരുന്നെന്നും ഒമാൻ ജനതയുടെ 99 ശതമാനം പേരും നികുതി അടയ്ക്കുന്നതിൽ നിന്ന് മുക്തമാണെന്നും അതോറിറ്റി അധികൃതർ വ്യക്തമാക്കി.