ദില്ലി: ലോക്ക്ഡൗൺ 62 ദിവസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി. 4021 പേരാണ് രോ​ഗം ബാധിച്ച് ഇതുവരെ മരിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, ​ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളിലാണ് രോ​ഗബാധിതരുടെ എണ്ണം ഏറ്റവുമധികമുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6977 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്.

രോ​ഗികളുടെ എണ്ണത്തിൽ മുന്നിലുള്ള മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു.  ഇതുവരെ  52,667 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 2,436 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.  60 പേരാണ് രോ​ഗം ബാധിച്ച് ഇന്ന് മരിച്ചത്.   ഇതോടെ ആകെ മരണം 1,695 ആയി. 1186 പേർക്ക് ഇന്ന് രോഗം ദേദമായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15786 ആണ്.

​ഗുജറാത്തിൽ 405 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. 14468 പേരാണ് സംസ്ഥാനത്ത് രോ​ഗബാധിതരായുള്ളത്. 24 മണിക്കൂറിനുള്ളിൽ 30 പേർ രോ​ഗം ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 888 ആയി. 

തമിഴ്നാട്ടിലും കൊവിഡ് ആശങ്ക വൻതോതിൽ തുടരുകയാണ്. ഇന്ന് മാത്രം 805 പേർക്കാണ് തമിഴ്നാട്ടിൽ രോ​ഗം സ്ഥിരീകരിച്ചത്. ഇതുവരെ 17082 പേർക്കാണ് രോ​ഗബാധയുണ്ടായത്. കൊവിഡ് ബാധിച്ച് ഏഴ് പേർ കൂടി ഇന്ന് മരിച്ചു. ഇതോടെ മരണസംഖ്യ 118 ആയി. ചെന്നൈയിൽ മാത്രം 549 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ രോ​ഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനത്തിനും രോ​ഗലക്ഷണങ്ങളില്ലെന്നാണ് ആരോ​ഗ്യവകുപ്പിന്റെ റിപ്പോർട്ട്.

അതിനിടെ, ചെന്നൈയിൽ മരിച്ച ജസ്റ്റിസ് വി രത്നത്തിന് കൊവിഡ് ആയിരുന്നെന്ന് സ്ഥിരീകരിച്ചു. ഇന്നലെയാണ് അദ്ദേഹം മരിച്ചത്. ഹിമാചൽ പ്രദേശ് മുൻ ചീഫ് ജസ്റ്റിസും ആക്ടിങ്ങ് ഗവർണറുമായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു. മരണത്തിൽ സംശയം തോന്നിയതിനാലാണ് സ്രവ സാമ്പിൾ കൊവിഡ് പരിശോധനക്കയച്ചത്. 

അതേസമയം, ദില്ലിയിലെ റെയിൽവേ ഭവനിലെ ചില  ജീവനക്കാർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ശുചീകരണത്തിനായി മെയ് 26, 27 തീയതികളിൽ റെയിൽവേ ഭവൻ അടച്ചിടും. ഇന്ന് നാല് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സിആർപിഎഫ് അറിയിച്ചു. നാല് കേസുകളും റിപ്പോർട്ട്‌ ചെയ്തത് ദില്ലിയിലാണ്. ഇതോടെ ചികിത്സയിലുള്ള സിആർപിഎഫ് ജവാന്മാരുടെ എണ്ണം 141 ആയി.

ലോക്ക്ഡൗണിൽ വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയവരെ നാടുകളിലെത്തിക്കാൻ  ഇത് വരെ 3060 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. നാൽപത് ലക്ഷം ആളുകളെ ഇതുവഴി അവരുടെ നാടുകളിൽ എത്തിച്ചു. ഏറ്റവും കൂടുതൽ ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തിയത് ഗുജറാത്തിൽ നിന്നാണ്. 853 ട്രെയിനുകൾ ആണ് ഗുജറാത്തിൽ നിന്ന് സർവീസ് നടത്തിയത്. മഹാരാഷ്ട്ര 550, പഞ്ചാബ് 333, ഉത്തർപ്രദേശ് 221, ദില്ലി 181 എന്നിവയാണ് ഏറ്റവും കൂടുതൽ ട്രെയിൻ സർവീസ് നടത്തിയ അഞ്ച് സംസ്ഥാനങ്ങൾ.