ദില്ലി: രാജ്യത്ത് കൊവിഡ് മരണം 206 ആയി. 24 മണിക്കൂറിനിടെ 37 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 896 പേർക്ക് രോഗം പുതിയതായി സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം ബാധിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. 

6761 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനം ഇതുവരെയില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച ഐസിഎംആറിന്റെ പഠനവും ആരോഗ്യമന്ത്രാലയവും ലോകാരോഗ്യ സംഘടനയും തള്ളിക്കളയുന്നു.

സാമൂഹിക  വ്യാപനം ഉറപ്പിക്കുന്ന  കേസുകൾ ഇതുവരെ ഇല്ലെന്ന്   ആരോഗ്യമന്ത്രാലയവും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. ലോക്ക് ഡൗണ്‍ തീരുന്ന പതിനാലിന് മുന്‍പ് രണ്ടരലക്ഷം പരിശോധന പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

തീവ്രശ്വാസകോശ രോഗങ്ങളുമായി കഴിഞ്ഞ ഫെബ്രുവരി പതിന‍ഞ്ചിനും, ഏപ്രില്‍ രണ്ടിനുമിടയില്‍ ചികിത്സ തേടിയ 5911 പേരില്‍ 104 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 40 പേരില്‍ രോഗബാധയുടെ ഉറവിടം അജ്ഞാതമെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്. 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളിലുള്ള ഇവര്‍ വിദേശ യാത്ര നടത്തിയിട്ടില്ല, കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുമില്ല. അങ്ങനെയെങ്കില്‍ സമൂഹവ്യാപമെന്ന നിഗമനത്തിലത്താമെന്നാണ് ഐസിഎംആറിന്‍റെ കൊവിഡ് രണ്ടാംഘട്ട പഠനം ചൂണ്ടിക്കാട്ടുന്നത്.  ഈ സാധ്യത ആരോഗ്യമന്ത്രാലയം തള്ളി.