ദില്ലി: ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സാ ചെലവ് മൂന്നിലൊന്നായി കുറയ്ക്കാനുള്ള ശുപാർശ ലഫ്റ്റനന്‍റ് ഗവർണർ  അനിൽ ബെയ്ജാൽ അംഗീകരിച്ചു. ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയാണ് ശുപാർശ ചെയ്‍തത്. കൊവിഡ് രോഗികൾക്ക് ദില്ലിയിൽ അഞ്ച് ദിവസത്തെ നിർബന്ധിത സ‍ർക്കാർ നീരീക്ഷണമെന്ന ഉത്തരവും പിൻവലിച്ചു. ആംആദ്മി പാർട്ടി വൻ പ്രതിഷേധം ഉയർത്തിയതോടെയാണ് ലഫ്റ്റനന്‍റ് ഗവർണ്ണർ ഉത്തരവ് പിൻവലിച്ചത്.  

ഗവർണർ അധ്യക്ഷനായ ദില്ലി ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ ഉത്തരവിനെതിരെ അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചിരുന്നു. ഐസിഎംആറിന്‍റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് വീടുകളിൽ നീരീക്ഷണം നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത പ്രത്യേക നിയമം ദില്ലിയിൽ എന്തിനെന്നും കെജ്രിവാൾ ചോദിച്ചു.  വിഷയം വലിയ രാഷ്ട്രീയ ചർച്ചയായതോടെ  കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഢിയും എല്ലാവർക്കും സർക്കാർ നിരീക്ഷണം വേണ്ടെന്ന നിലപാടെടുത്തു.

പിന്നാലെയാണ് ട്വിറ്ററിലൂടെ ഉത്തരവ് പിൻവലിച്ചെന്ന് ലഫ്.ഗവർണ‌‌‌ർ അറിയിച്ചത്. വീടുകളിൽ നീരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുന്നില്ലെന്ന് കാട്ടി ആരോഗ്യമന്ത്രാലം സംസ്ഥാനങ്ങൾക്ക് അയച്ച കത്ത് ചൂണ്ടിക്കാട്ടിയായിരുന്നു ലഫ്. ഗവർണ്ണർ ഉത്തരവിറക്കിയത്.