ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷവും കടന്ന് കുതിച്ചുയരുന്നതിനിടെ കർണ്ണാടകത്തിൽ  രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2500 കടന്നു. 2594 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്.  24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 98 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. 

കർണാടകത്തിൽ ഇന്ന് മാത്രം 4572 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ മാത്രം 1497 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ബെ​ഗളൂരുവിൽ ഇതുവരെ 27 പേരാണ് മരിച്ചത്.  മൈസുരുവിലും ബെല്ലാരിയിലുമായി മുന്നൂറിലേറെ കൊവിഡ് രോ​ഗികളുണ്ട്. 74469 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ 139571 പേർക്ക് രോഗം ബാധിച്ചെന്നാണ് കണക്ക്.

തമിഴ്നാട്ടിലും മരണനിരക്ക് കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 109 കൊവിഡ് മരണമുണ്ടായി. ഇതോടെ ആകെ മരണസംഖ്യ 4241 ആയി. കോയമ്പത്തൂർ , തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലും മരണസംഖ്യ ഉയർന്നു. തമിഴ്നാട്ടിൽ ഇന്ന് 5609 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ 263222 ആയി. കേരളത്തിൽ നിന്നെത്തിയ 7 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം, ആന്ധ്ര പ്രദേശിൽ പ്രതിദിന രോഗ വ്യാപനം കുറയുന്നതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഇന്ന് 7822 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ 63 കൊവിഡ് മരണം ഉണ്ടായി. ആകെ മരിച്ചവരുടെ എണ്ണം 1537 ആണ്. രണ്ട് ജില്ലകളിൽ മാത്രം ആയിരത്തിലേറെ രോഗികളുണ്ട്. നിലവിൽ 76377 പേർ സംസ്ഥാനത്തു ചികിത്സയിലുണ്ട്. ആകെ 166586 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. 

രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,03,695 ആണ്. 24 മണിക്കൂറിനിടെ 771 പേർ കൂടി രോ​ഗം ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 38,135 ആയി. 65.76 ശതമാനമാണ് നിലവിലെ രോ​ഗമുക്തി നിരക്ക്.