ദില്ലി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ രണ്ടോ മൂന്നോ മാസം കൊണ്ട് പൂർത്തിയാക്കാനാവില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. നിരവധി വെല്ലുവിളികൾ മുൻപിലുണ്ട്. ലോക ജനതയെ വാക്സിനേറ്റ് ചെയ്യാൻ രണ്ട് മൂന്ന് വർഷമെങ്കിലുമെടുക്കും. രാജ്യത്തെ അവഗണിച്ച് വാക്സീൻ കയറ്റുമതി നടത്തില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. 

അതേസമയം, കുട്ടികളിലെ വാക്സീൻ പരീക്ഷണം രണ്ടാഴ്ചക്കുള്ളിൽ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവാക്സീൻ പരീക്ഷണത്തിൻ്റെ രണ്ട്, മൂന്ന് ഘട്ടങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ആദ്യഘട്ട പരീക്ഷണം വിജയകരമെന്നും നീതി ആയോഗ് വ്യക്തമാക്കി. കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നുണ്ട് . ഇതുവരെ  86 ശതമാനം പേർ രോഗമുക്തരായി. ആകെ ജനസംഖ്യയുടെ 1.8 ശതമാനം പേരെ മാത്രമാണ് നിലവിൽ കൊവിഡ് ബാധിച്ചത്. കേരളത്തിലേതടക്കം നിയന്ത്രണങ്ങൾ കേസുകൾ കുറയാൻ കാരണമാകുന്നു. കൂട്ടായ കഠിനാധ്വാനത്തിന്റെ ഫലമാണിത്. 

ജാഗ്രത കൈവിടരുതെന്നും നീതി ആയോഗ് ആവർത്തിച്ചു. വാക്സിനേഷൻ കഴിഞ്ഞവരിൽ വീണ്ടും കൊവിഡ് വരുന്നതിൽ ആശങ്ക വേണ്ട. തുടർ രോഗബാധ ഗുരുതരമാകില്ല. ചെറിയ ശതമാനം കേസുകളിൽ മാത്രമേ ആശുപത്രി വാസം വേണ്ടിവരുന്നുള്ളൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona