ദില്ലി: നാല് സംസ്ഥാനങ്ങളില്‍ നാളെ കൊവിഡ് കുത്തിവെപ്പിന്‍റെ ഡ്രൈ റണ്‍ നടത്തും. വാക്സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവയുടെ പരിശോധനയും ഇതോടൊപ്പം നടക്കും. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 2021 രോഗസൗഖ്യത്തിന്‍റേതാണെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു

പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ ഡ്രൈ റണ്‍ നടക്കുക. ഓരോ സംസ്ഥാനത്തെ രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ത കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍ നടത്തേണ്ടത്. കുത്തിവെപ്പിനെ തുടർന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ ഡ്രൈ റണ്‍ നടത്തുമ്പോൾ നിരീക്ഷിക്കപ്പെടും. ഡ്രൈ റണ്ണിലെ അന്തിമ വിലയിരുത്തല്‍ സംസ്ഥാനങ്ങളുമായും കേന്ദ്രസ‍ർക്കാരുമായി പങ്ക് വെക്കും. നാളെയും നാളെ കഴിഞ്ഞുമാണ് ഡ്രൈ റണ്‍ നടക്കുന്നത്. 

അതിനിടെ, അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി വാക്സിന്‍ കമ്പനികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ അവസാന ഘട്ട പരിഗണനയിലാണ്. ഓക്സഫഡ് വാക്സിനായ കൊവി ഷീല്‍ഡ് മാത്രമാണ് നിര്‍ദേശിച്ച എല്ലാ പരീക്ഷണ രേഖകളും സമർപ്പിച്ചിട്ടുള്ളത്. മൂന്നാംഘട്ട പരീക്ഷണം നടക്കുന്ന ഭാരത് ബയോടെകിന്‍റെ കൊവാക്സിന്‍ ഇനിയും രേഖകള്‍ സമര്‍പ്പിക്കണം. അനുമതി തേടിയ ഫൈസറും പരീക്ഷണ വിവരങ്ങള്‍ വിദഗ്ധസമിതിക്ക് സമർപ്പിച്ചിട്ടില്ല. 

അതേസമയം രാജ്യത്ത് ഇന്നലെ  18,732 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,87,850 ആയി . 279 പേരാണ് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 1,47,622 ആണ്.  2021 രോഗസൗഖ്യത്തിന്‍റേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പറഞ്ഞു