ദില്ലി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവരുടെ കൊവിഡ് വാക്സീനേഷനായുള്ള രജിസ്ട്രേഷൻ ഈ മാസം 28ന് തുടങ്ങും. നേരത്തെ ഇത് 24 മുതൽ തുടങ്ങുമെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.  കൊവിൻ പ്ലാറ്റ്ഫോം വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും വാക്സീനായി രജിസ്റ്റർ ചെയ്യാം.

നിലവിൽ 45 കഴിഞ്ഞവരുടെ രജിസ്ട്രേഷൻ എങ്ങനെയാണോ അത് പോലെ തന്നെയാകും 18 കഴിഞ്ഞവരുടെ രജിസ്ട്രേഷനും ആവശ്യമായ തിരിച്ചറിയൽ കാർഡുകളുടെ ഉൾപ്പടെ കാര്യത്തിൽ മാറ്റമില്ല. https://www.cowin.gov.in എന്ന വെബ്സൈറ്റിലൂടെയോ 'കൊവിൻ' ആപ്പ് വഴിയോ റജിസ്ട്രേഷൻ ചെയ്യാം. റജിസ്റ്റർ ചെയ്യാൻ ആധാർ, വോട്ടർ ഐഡി അടക്കമുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. റജിസ്റ്റ‍ർ ചെയ്യുമ്പോൾ വാക്സിനേഷൻ എടുക്കാനുള്ള സ്ഥലം, തീയതി എന്നിവ തെരഞ്ഞെടുക്കാനാകും.

വാക്സീൻ വിതരണം അനുമതിയുള്ള സർക്കാർ സ്വകാര്യ കേന്ദ്രങ്ങളിൽ നടക്കും. എന്നാൽ മരുന്ന് സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും കമ്പനികളിൽ നിന്ന് നേരിട്ടു വാങ്ങാം. വാക്സീൻ്റെ വിലയിലെ തർക്കങ്ങൾ തുടരുമ്പോഴും നിലപാടിൽ മാറ്റമില്ല എന്ന സൂചനയാണ് കമ്പനികൾ നൽകുന്നത്. സംസ്ഥാനങ്ങളിൽ നിന്ന് 400 രൂപ ഒരു ഡോസിന് ഈടാക്കുമെന്ന് കമ്പനികൾ പ്രഖ്യാപിച്ചിരുന്നു. നിലവിലെ കരാർ കഴിഞ്ഞാൽ കേന്ദ്രസർക്കാരിൽ നിന്നും ഇതേ തുക ഈടാക്കും എന്നാണ് വിശദീകരണം.

വാക്സീൻ എടുത്തവരിൽ രോഗബാധ കുറവെന്ന ഐസിഎംആർ റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നു. ഇതുവരെ കൊവാക്സീൻ്റെ ഒരു കോടി പത്തുലക്ഷം ഡോസുകളാണ് നൽകിയത്. ഇതിൽ 4906 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഷീൽഡ് സ്വീകരിച്ച പതിനൊന്ന് കോടി അറുപത് ലക്ഷം പേരിൽ 22,159 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 0.03 ശതമാനം മാത്രം. വാക്സീൻ സ്വീകരിച്ചവരിൽ കൊവിഡിൻ്റെ തീവ്രത കുറവാണെന്നും ഐഎസിഎംആർ പറയുന്നു.

വാക്സീൻ ലഭ്യത കൂടുമ്പോൾ രോഗവ്യാപനം നിയന്ത്രിക്കാനാകും എന് പ്രതീക്ഷയാണ് കണക്കുകൾ കാട്ടി ഐസിഎംആർ പ്രകടിപ്പിക്കുന്നത്. രജിസ്ട്രേഷൻ തുടങ്ങുമ്പോഴും 18 വയസ്സിനു മുകളിലുള്ളവർക്ക് എപ്പോൾ വാക്സീൻ നൽകി തീർക്കാൻ കഴിയും എന്ന ചോദ്യത്തിന് ഉത്തരമില്ല.

 

Other News: 'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'