Asianet News MalayalamAsianet News Malayalam

രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന് ഇന്ന് തുടക്കം; 45 വയസ്സ് പിന്നിട്ട എല്ലാവര്‍ക്കും കുത്തിവയ്പ്പ്

രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ രണ്ടാഴ്ചക്കുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. പിന്നാലെ നാല്‍പത്തിയഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കും വാക്സീന്‍ നല്‍കാനുള്ള ആലോചനയിലാണ് ആരോഗ്യമന്ത്രാലയം.

covid vaccination third phase starts today
Author
Delhi, First Published Apr 1, 2021, 6:31 AM IST

ദില്ലി: രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷന് ഇന്ന് തുടക്കം. നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ ഘട്ടത്തില്‍  വാക്സീന്‍ നല്‍കും. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് വാക്സിനേഷന്‍ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്. രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ രണ്ടാഴ്ചക്കുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. പിന്നാലെ നാല്‍പത്തിയഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കും വാക്സീന്‍ നല്‍കാനുള്ള ആലോചനയിലാണ് ആരോഗ്യമന്ത്രാലയം.

സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനെടുക്കാണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. www.cowin.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്.

45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 45 ദിവസം കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വാക്‌സിനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്‌സിനാണ് ആകെ നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,84,411 ആദ്യഡോസ് വാക്‌സിനും 3,15,226 രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളില്‍ 1,09,670 പേര്‍ ആദ്യ ഡോസും 69230 പേര്‍ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ 3,22,548 പേര്‍ ആദ്യ ഡോസും 12,123 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവരില്‍ നിന്നും 21,88,287 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

Follow Us:
Download App:
  • android
  • ios