Asianet News MalayalamAsianet News Malayalam

സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് കൊവിഡ് വാക്സീൻ 250 രൂപയ്ക്ക് ലഭ്യമാക്കും; കേന്ദ്ര സർക്കാർ പ്രഖ്യാപനം

അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കും നാല്‍പ്പത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള രോഗബാധിതരായവർക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ എടുക്കാൻ അവസരം. കുത്തിവെപ്പിനുള്ള രജിസ്ട്രേഷന്‍ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.

covid vaccine at 250 rupees per dose from private hospitals announces central government
Author
Delhi, First Published Feb 27, 2021, 7:49 PM IST

ദില്ലി: രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വാക്സിൻ 250 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപനം. ഒരു ഡോസിനാണ് 250 രൂപ ഈടാക്കുക. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയടക്കമാണ് ഇത്. സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവെയ്പ്പ് സൗജന്യമായിരിക്കും. തിങ്കളാഴ്ചയാണ് രണ്ടാംഘട്ട കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. മറ്റന്നാള്‍ കുത്തിവെപ്പിന്‍റെ രണ്ടാംഘട്ടം തുടങ്ങാനിരിക്കെ രജിസ്ട്രേഷനുള്ള മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കി. 

അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കും നാല്‍പ്പത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള രോഗബാധിതരായവർക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ എടുക്കാൻ അവസരം. കുത്തിവെപ്പിനുള്ള രജിസ്ട്രേഷന്‍ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് തരത്തില്‍ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്യാനാകും. ആരോഗ്യസേതു ആപ്പിലൂടെയോ കോ വിന്‍ ആപ്പിലൂടെയോ സ്വന്തമായി രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യം അനുസരിച്ച് വാക്സീന്‍ കേന്ദ്രവും സമയവും ഇതിലൂടെ തെരഞ്ഞെടുക്കാനാകും. വാക്സീൻ കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് രജിസ്റ്റര്‍ ചെയ്യാമെന്നതാണ് രണ്ടാമത്തെ രീതി. ഇതോടൊപ്പം ആശ വര്‍ക്കര്‍മാരുടെയും മറ്റ് രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവർത്തകര്‍ വഴിയും രജിസ്റ്റര്‍ ചെയാനാകും. കുത്തിവെപ്പിനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കരുതണം. 

രോഗികളായ നാല്‍പ്പത്തിയഞ്ച് വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതുവരെ എഴുപത് ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് എംപാനല്‍ സ്വകാര്യ ആശുപത്രികള്‍, കേന്ദ്രസ‍ർക്കാര്‍  ആരോഗ്യപദ്ധതിയിലെ സ്വകാര്യ ആശുപത്രികള്‍, സംസ്ഥാന സ‍ർക്കാര്‍ ആരോഗ്യപദ്ധതിയിലെ ആശുപത്രികള്‍ എന്നിവയിലൂടെ കുത്തിവെപ്പ് നല്‍കും.

രണ്ടാംഘട്ടം മാര്‍ച്ച് ഒന്നിന് തുടങ്ങാനിരിക്കെ ക്യാബിനെറ്റ് സെക്രട്ടറി രൗജീവ് ഗൗബ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഇന്ന് ചര്‍ച്ച നടത്തി. കൊവിഡ് കേസുകള്‍ വീണ്ടും കൂടി വരുന്ന സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios