Asianet News MalayalamAsianet News Malayalam

Covid Vaccine : 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ന് മുതൽ ബൂസ്റ്റർ ഡോസ് വാക്സിൻ; വിലയും കുറച്ചു

രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത്  മാസം തികഞ്ഞവർക്ക് കരുതൽ ഡോസ് സ്വീകരിക്കാം. നേരത്തെ സ്വീകരിച്ച അതേ വാക്സീൻ തന്നെ കരുതൽ ഡോസായി എടുക്കണം. കരുതൽ ഡോസിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയേണ്ടതില്ല.

covid vaccine for all indian citizens  above 18 years from today
Author
Delhi, First Published Apr 10, 2022, 5:40 AM IST

ദില്ലി: പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്സിന്റെ (Covid Vaccine) കരുതൽ ഡോസ് (Booster Dose) ഇന്ന് മുതൽ സ്വീകരിക്കാം. മുൻഗണന പട്ടികയിലുള്ളവർ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത്  മാസം തികഞ്ഞവർക്ക് കരുതൽ ഡോസ് സ്വീകരിക്കാം. നേരത്തെ സ്വീകരിച്ച അതേ വാക്സീൻ തന്നെ കരുതൽ ഡോസായി എടുക്കണം. കരുതൽ ഡോസിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയേണ്ടതില്ല.

കൊവാക്സിൻ, കൊവിഷീൽഡ് ഡോസുകൾക്ക് 225 രൂപയാണ് ഈടാക്കുക.  സർവീസ് ചാർജായി പരമാവധി 150 രൂപയെ ഈടാക്കാൻ പാടുള്ളൂ എന്ന് സർക്കാർ വിതരണ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 18 വയസ് പിന്നിട്ട് എല്ലാ ഇന്ത്യൻ പൗരൻമാർക്കും കൊവിഡ് ബൂസ്റ്റ‍ർ ഷോട്ടുകൾ നൽകാനുള്ള കേന്ദ്രസ‍ർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് വാക്സീനുകളുടെ വില കുത്തനെ കുറയ്ക്കാൻ ഭാരത് ബയോടെക്കും പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടും തീരുമാനിച്ചത്. സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന കൊവിഡ് വാക്സീൻ ഡോസുകളുടെ വിലയാണ് ഇരുകമ്പനികളും വെട്ടിക്കുറിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വാക്സീൻ്റെ വില കുറയ്ക്കാനുള്ള ഇരുകമ്പനികളുടേയും തീരുമാനം. ഇനി മുതൽ ഇരു കമ്പനികളും സ്വകാര്യ ആശുപത്രികൾക്ക് 225 രൂപ നിരക്കിലാവും വാക്സീൻ നൽകുക. നേരത്തെ കൊവീഷിൽഡ് 600 രൂപയ്ക്കും കൊവാക്സീൻ 1200 രൂപയ്ക്കുമാണ് സ്വകാര്യ ആശുപത്രികൾക്ക് വിതരണം ചെയ്തിരുന്നത്. വാക്സീൻ്റെ വിലയും ആശുപത്രികളുടെ സർവ്വീസ് ചാർജും നികുതിയും കഴിച്ച് അഞ്ഞൂറ് രൂപയ്ക്ക് താഴെ നിരക്കിൽ ഇനി വാക്സീൻ വിതരണം സാധ്യമായേക്കും വിപുലമായ രീതിയിൽ സ്വകാര്യ ആശുപത്രികൾ വാക്സീനേഷൻ തുടങ്ങുന്നതും വാക്സീനേഷൻ നിരക്ക് കുറയ്ക്കാൻ സഹായിക്കും.

"കേന്ദ്ര സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം, സ്വകാര്യ ആശുപത്രികൾക്കുള്ള കൊവീഷിൽഡ് വാക്‌സിന്റെ വില ഒരു ഡോസിന് 600 രൂപയിൽ നിന്ന് ₹ 225 ആയി കുറയ്ക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തീരുമാനിച്ചെന്ന വിവരം നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മുൻകരുതൽ ഡോസുകൾ എല്ലാവ‍ർക്കും ലഭ്യമാക്കാനുള്ള കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു - സെറം ഇൻസ്റ്റിറ്റ്യൂട്ട മേധാവി അദാർ പൂനെവാല ട്വിറ്ററിൽ കുറിച്ചു.


എല്ലാ മുതിർന്നവർക്കും മുൻകരുതൽ ഡോസ് ലഭ്യമാക്കാനുള്ള സർക്കാർ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കേന്ദ്ര ഗവൺമെന്റുമായി കൂടിയാലോചിച്ച്,  സ്വകാര്യ ആശുപത്രികൾക്ക് #COVAXIN ന്റെ വില ഒരു ഡോസിന് 1200 രൂപയിൽ നിന്ന് ₹ 225 ആയി പരിഷ്കരിക്കാൻ ഞങ്ങൾ തീരുമാനിച്ചു," ഭാരത് ബയോടെക്ക് സിഇഒ സുചിത്ര എല്ല  ട്വീറ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios