സർക്കാർ ഇടപെടൽ ഇല്ലാതെ വിദേശ വാക്സിനുകൾ വ്യാപാരം നടത്താൻ കമ്പനികളെ അനുവദിക്കാനും ആലോചിക്കുന്നുണ്ട്. വാക്സിൻ തുക കമ്പനികൾക്ക് തീരുമാനിക്കുന്നതിലും സർക്കാർ അനുവാദം നൽകിയേക്കും. 

ദില്ലി: വിദേശ കൊവിഡ് വാക്സിനുകളുടെ ഇറക്കുമതി ചുങ്കം ഒഴിവാക്കിയേക്കും. പത്ത് ശതമാനം ഇറക്കുമതി ചുങ്കം ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. സർക്കാർ ഇടപെടൽ ഇല്ലാതെ വിദേശ വാക്സിനുകൾ വ്യാപാരം നടത്താൻ കമ്പനികളെ അനുവദിക്കാനും ആലോചിക്കുന്നുണ്ട്. വാക്സിൻ തുക കമ്പനികൾക്ക് തീരുമാനിക്കുന്നതിലും സർക്കാർ അനുവാദം നൽകിയേക്കും. അതേസമയം, നാലാംഘട്ട വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു. ആരോഗ്യ വിദഗ്ധരും വാക്സീൻ നിർമ്മാതാക്കളുമായി വൈകിട്ട് ചർച്ച നടത്തും. 

വാക്സീൻ ഏതൊക്കെ വിഭാഗങ്ങൾക്ക് നല്‍കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 18 വയസ് കഴിഞ്ഞവരിൽ ആർക്കൊക്കെ വാക്സീൻ നല്‍കണമെന്ന് കേന്ദ്രം നിർദ്ദേശിക്കില്ല. അതേസമയം, കൊവിഡ് രണ്ടാം തരംഗം ഈ വർഷം മുഴുവൻ വെല്ലുവിളിയാകാമെന്ന് എയിംസ് ഡയറക്ടറും, കൊവിഡ് ദൗത്യസംഘാംഗവുമായ ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കി. അടുത്ത വർഷം പകുതിയോടെ മാത്രമേ കാര്യങ്ങൾ സാധാരണ നിലയിലെത്തുയെന്നും രൺദീപ് ഗുലേറിയ പറയുന്നു. 

അതിനിടെ, ഇന്ത്യയിൽ കണ്ടെത്തിയ ഇരട്ടജനിതകവ്യതിയാനം വന്ന വൈറസ് കടുത്ത ആശങ്കയാണ് സൃഷ്ടക്കുന്നത്. ശക്തമായ വ്യാപനശേഷിയുള്ള ഈ വൈറസാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗവ്യാപനം വേഗത്തിലാക്കിയതെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ധർ. B1617 എന്നറിയപ്പെടുന്ന ഈ വൈറസ് നിലവിലുള്ള വാക്സീനുകളെയും മറികടക്കുമോ എന്ന് പരിശോധനകൾ നടന്നു വരികയാണ്.

ഇന്ത്യയിൽ കണ്ടെത്തിയതാണ് ഈ വൈറസ് എന്നിരിക്കേ, ഇവിടെ നിന്ന് മറ്റ് വിവിധ രാജ്യങ്ങളിലേക്ക് യാത്രാനിരോധനം വരുമോ എന്ന ആശങ്കയിലാണ് രാജ്യം. ഗൾഫടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് യാത്രാനിരോധനം പ്രഖ്യാപിച്ചാൽ നിരവധി പ്രവാസികളടക്കം കടുത്ത പ്രതിസന്ധിയിലാകും. E484Q, L452R എന്നീ രണ്ട് വ്യതിയാനങ്ങൾ സംഭവിച്ച വൈറസാണ് B1617. ഇതിനെക്കുറിച്ച് ലോകാരോഗ്യസംഘടനയടക്കം കൂടുതൽ പരിശോധനകൾ നടത്തുകയാണ്.

Also Read: ഇരട്ട ജനിതക വ്യതിയാനം വന്ന B1617 വൈറസ് ഇന്ത്യയിൽ, യാത്രാനിരോധനം വരുമോ? ആശങ്ക