ദില്ലി: ലോകത്തിലെ ആദ്യ വാക്സിൻ വികസിപ്പിച്ചു എന്നവകാശപ്പെട്ട റഷ്യൻ കമ്പനിയുമായി റഷ്യയിലെ ഇന്ത്യൻ എംബസി ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ടുകൾ.    സ്പുട്നിക് വാക്സിൻ വികസിപ്പിച്ച മോസ്കോയിലെ റഷ്യൻ മെഡിക്കൽ  ഇൻസ്റ്റിറ്റിയൂട്ടുമായിട്ടാണ് റഷ്യയിലെ ഇന്ത്യൻ എംബസി ചർച്ച തുടങ്ങിയത്.

കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ചർച്ച നടത്തുന്നത്. റഷ്യൻ വാക്സിൻ സുരക്ഷിതമെന്ന് തെളിഞ്ഞാൽ ഉടൻ ഇന്ത്യയിൽ എത്തിക്കാനുള്ള  സാധ്യതകളാണ് ആലോചിക്കുന്നത്.  എന്നാൽ റഷ്യയുടെ വാക്സിൻ അവകാശവാദം ഇതുവരെ ലോകാരോഗ്യ സംഘടന അടക്കമുള്ള ആരോഗ്യരംഗത്തെ വിദഗ്ധർ അംഗീകരിച്ചിട്ടില്ല.
 
ഇതിനിടെ ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്സ്ഫോർഡുമായി ചേർന്ന നിർമ്മിക്കുന്ന പ്രതിരോധ മരുന്നിന്റെ പരീക്ഷണം രണ്ടാം ഘട്ടം ഈയാഴ്ച്ച തുടങ്ങും. പത്തിടങ്ങളിലായി 1600 പേരിൽ വാക്സിൻ
പരീക്ഷിക്കും. 

അതേസമയം ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ, പശ്ചിമബംഗാൾ, ജാർഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിലായി കഴിഞ്ഞ ഒരു മാസത്തിനിടെ രോഗികളുടെ എണ്ണത്തിൽ രണ്ടര ഇരട്ടിയലധികം വർധവ് ഉണ്ടായെന്ന്  കേന്ദ്രസർക്കാർ  കണക്കുകൾ പറയുന്നു. ബീഹാറിലും, ജാർഖണ്ഡിലും ഇത് മൂന്ന് ഇരട്ടിയാണ്.

കുടിയേറ്റ തൊഴിലാളികൾ രാജ്യത്തെ പലഭാഗങ്ങളിൽ നിന്ന് ഈ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതോടെ പരിശോധനകൾ വ്യാപകമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു.  ഇതിനു പിന്നാലെയാണ് കേസുകൾ ഇത്രയും വർ‍ധവുണ്ടായത്. മഹാരാഷ്ട്രക്കും തെക്കേന്ത്യൻ സംസ്ഥാനങ്ങൾക്കും പിന്നാലെ ഈ ആറ് സംസ്ഥാനങ്ങളിലെ രോഗബാധ ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.