മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം അതിതീവ്രനിലയിൽ തുടരുന്നു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 20,000-ലേക്ക് അടുക്കുകയാണ്. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 12,000 കടന്നു. രോഗവ്യാപനം തടയാനായില്ലെങ്കിലും തോത് കുറയ്ക്കാനായെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു

രണ്ടു ലക്ഷം കൊവിഡ് പരിശോധനകൾ പൂർത്തിയാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. രോഗികളുടെ എണ്ണത്തിലെ വർധനവിനൊപ്പം  പരിശോധനകളുടെ എണ്ണക്കൂടുതലും പരിഗണിക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മരണ നിരക്ക് കഴിഞ്ഞ മാസം ഇതേ സമയം 7.21 ആയിരുന്നു. അത് 3.86-ലേക്ക് താഴ്ന്നിട്ടുമുണ്ട്. ഇത് നേട്ടമായി കാണാമെങ്കിലും പ്രതിസന്ധി അയഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറ‍ഞ്ഞു. 

രോഗികളിൽ ഭൂരിഭാഗവുമുള്ള മുംബൈ നഗരത്തെ ഏഴ് സോണുകളാക്കി പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല ഏഴ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് നൽകി. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ മുംബൈ കോർപ്പറേഷൻ കമ്മീഷണറെ സ്ഥലം മാറ്റിയത് വിവാദവുമായി. പ്രവീൺ പർദേശിയെ നഗരവികസന വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറി ആയാണ് സ്ഥലം മാറ്റിയത്. പ്രതിരോധപ്രവർത്തനങ്ങളിൽ കേന്ദ്രം ആശങ്കപ്രകടിപ്പിച്ചതിന് പിന്നാലെയാണ് കടുത്ത നടപടി. 

അതിനിടെ റെഡ്സോണായ മുംബൈയിൽ നിന്ന് അതിഥി തൊഴിലാളികളുമായി ആദ്യത്തെ പ്രത്യേക ട്രെയിൻ സർവീസ് നടത്തി. 1140 തൊഴിലാളികളുമായി കുർലയിൽ നിന്ന് ഉത്തർപ്രദേശിലെ ബസ്തിയിലേക്കാണ് ട്രെയിൻ യാത്രയായത്. ആർതർ റോഡ് സെൻട്രൽ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ച 72 തടവ് പുള്ളികളെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിലാക്കാതെ ചെമ്പൂരിലെ ഒരു കെട്ടിടത്തിൽ ഐസൊലേറ്റ് ചെയ്തു.

 ജയിൽ സൂപ്രണ്ട് അടക്കമുള്ളവർ ക്വാറന്‍റീനിൽ പോയി. മുംബൈ സയൻ ആശുപത്രിയിൽ മൃതദേഹങ്ങൾ നീക്കം ചെയ്യാതെ രോഗികൾക്കൊപ്പം കിടത്തിയ സംഭവത്തിൽ ആശുപത്രി ഡീനിനെ മാറ്റി. അതിനിടെ മുംബൈയിലെ നായർ ആശുപത്രിയിൽ കൊവിഡ് രോഗിയായ ഗർഭിണി മൂന്ന് കുട്ടികൾക്ക് ജന്മം നൽകി. കു‍‍ഞ്ഞുങ്ങൾക്ക് കൊവിഡില്ല