ദില്ലി: ദില്ലി എൽഎൽജെപി ആശുപത്രിയിൽ കൊവിഡ് ബാധിതനെ ചികിത്സക്കായി അഡ്മിറ്റ് ചെയ്യുന്നില്ലെന്ന് പരാതി. പരിശോധനക്ക് ശേഷവും അഡ്മിറ്റ് ചെയ്യാൻ ആശുപത്രി നടപടി സ്വീകരിച്ചില്ലെന്ന് രോഗബാധിതൻ ആരോപിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നു പേരെ ഇങ്ങനെ മടക്കി അയച്ചു എന്ന് പരാതിക്കാരൻ വ്യക്തമാക്കി. വീട്ടിലുള്ള 7 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്നുമുള്ള കൊവിഡ് ബാധിതന്റെ പരാതി അടങ്ങുന്ന ദൃശ്യ സന്ദേശം വാർത്താ ഏജൻസിയാണ് പുറത്ത് വിട്ടത്.  

ദില്ലിയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്. ദില്ലിയില്‍ 92 പുതിയ കേസുകള്‍ ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തു.ഒരാള്‍ മരിച്ചു. ഇതോടെ ദില്ലിയില്‍ മരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. 2248 പേര്‍ക്കാണ് ഇതുവരേയും രോഗം സ്ഥിരീകരിച്ചത്. അതിനിടെ കൊവിഡ് ബാധിതനായ പൊലീസുകാരനോട് സംമ്പർക്കത്തിൽ വന്ന ദില്ലിയിലെ 71 പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തക്കും രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.