Asianet News MalayalamAsianet News Malayalam

സർക്കാരിന് 200 രൂപയ്ക്ക്, സ്വകാര്യ വിപണിക്ക് 1000 രൂപയ്ക്ക്; കൊവിഷിൽഡ് വിതരണത്തെക്കുറിച്ച് പുണെ സെറം സിഇഒ

ഭാരത് ബയോടെക്കും ഐസിഎംആറും പൂണെ എൻഐവിയും കൂടി വികസിപ്പിച്ച കൊവാക്സിൻ 206 രൂപയ്ക്കാണ് കേന്ദ്രസർക്കാർ വാങ്ങുന്നത്. 15 ലക്ഷം ഡോസ് വാക്സിൻ സൌജന്യമായി നൽകാമെന്ന് ഭാരത് ബയോടെക്ക് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 

Covishiled will be available in private market
Author
Pune, First Published Jan 12, 2021, 5:59 PM IST

ദില്ലി: ഓക്സ്ഫെഡ് സർവ്വകലാശാലയും പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിക്കുകയും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുകയും ചെയ്ത കൊവിഷിൽഡ് വാക്സിൻ സ്വകാര്യ വിപണിയിൽ ലഭ്യമാക്കുമെന്ന് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പുനെവാല അറിയിച്ചു. 

കേന്ദ്രസർക്കാരിൻ്റെ അഭ്യർത്ഥന മാനിച്ചാണ് 200 രൂപയ്ക്ക് കൊവിഷിൽഡ് വാക്സിൻ നൽകുന്നത്. കേന്ദ്രസർക്കാർ പർച്ചേസിംഗ് ഓർഡർ നൽകിയ നൂറ് മില്യൺ ഡോസിനായിരിക്കും 200 രൂപ വില ഈടാക്കുക. സ്വകാര്യ വിപണിയിൽ ആയിരം രൂപ വില ഈടാക്കിയാവും വാക്സിൻ വിൽക്കുകയെന്നും അദ‍ർ പൂനെവാല വ്യക്തമാക്കി. 

കൊവിഡ് വാക്സിനേഷൻ ശനിയാഴ്ച തുടങ്ങാനിരിക്കെ പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിച്ച ലക്ഷക്കണക്കിന് ഡോസ് കൊവിഡ് വാക്സിനുകൾ വിവിധ ഇടങ്ങളിലേക്ക് കയറ്റി അയക്കുന്നതിൻ്റെ ചിത്രങ്ങൾ അദർവാല ട്വിറ്ററിൽ പങ്കുവച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ മുഴുവൻ ജീവനക്കാർക്കും ഇതൊരു വൈകാരിക നിമിഷമാണെന്ന അടിക്കുറിപ്പോടെയാണ് കൊവിഷിൽഡ് വാക്സിനുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന ചിത്രം അദ്ദേഹം പങ്കുവച്ചത്. 

ഭാരത് ബയോടെക്കും ഐസിഎംആറും പൂണെ എൻഐവിയും കൂടി വികസിപ്പിച്ച കൊവാക്സിൻ 206 രൂപയ്ക്ക് വാങ്ങുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. കൊവാക്സിനും കൊവിഷിൽഡും പൂ‍ർണസുരക്ഷിതത്വം വാ​ഗ്ദാനം ചെയ്യുന്ന വാക്സിനുകളാണ്. ആദ്യ കുത്തിവയ്പ് നടത്തി പതിനാല് ദിവസത്തിന് ശേഷം വാക്സിൻ ഫലം ചെയ്ത് തുടങ്ങും. 28 ദിവസത്തിൻ്റെ ഇടവേളയിൽ 2 കുത്തിവയ്പുകൾ എടുക്കണം. പതിനാറര ലക്ഷം ഡോസ് കൊവാക്സിൻ ഭാരത് ബയോടെക്  സൗജന്യമായി നൽകും എന്ന് അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രസ‍ർക്കാർ വ്യക്തമാക്കി.

ആദ്യ ഘട്ട വാക്സിനേഷനുള്ള മരുന്ന് മറ്റന്നാളോടെ രാജ്യത്ത് എല്ലായിടത്തും എത്തും. രാജ്യവ്യാപകമായി വാക്സിനേഷൻ പ്രക്രിയ പൂ‍ർത്തിയാവാൻ ഒരു വ‍ർഷമെങ്കിലും വേണ്ടി വരും എന്നാണ് കരുതുന്നത്. ഒരു കോടി ഡോസ്  വാക്സീൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 55 ലക്ഷം ഡോസ് ഭാരത് ബയോടെക്കിൽ നിന്നും ആദ്യഘട്ടത്തിൽ വാങ്ങുമെന്നും വാക്സിനേഷൻ പദ്ധതിക്കായി 2 ലക്ഷം പേർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും കേന്ദ്രസ‍ർക്കാർ അറിയിച്ചു.  കൊവിഷിൽഡും കൊവാക്സിനും കൂടാതെ പരീക്ഷണഘട്ടത്തിലുള്ള നാല് വാക്സീനുകളിൽ കൂടി പ്രതീക്ഷയുണ്ടെന്നും എന്നാൽ വിദേശ നിർമ്മിത വാക്സീനുകൾക്ക് വില കൂടുമെന്നും ആരോ​ഗ്യസെക്രട്ടറി ചൂണ്ടിക്കാട്ടി. 

Follow Us:
Download App:
  • android
  • ios