അലഹബാദ്:  സംസ്ഥാനത്ത് പശുക്കളുടെ കൂട്ടമരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ എട്ട് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്‌പെന്റ് ചെയ്തു.  ഗോവധ നിരോധന നിയമ പ്രകാരമാണ് ഉദ്യോഗസ്ഥ അനാസ്ഥയ്ക്ക് എതിരെ നടപടിയെടുത്തത്.

വീഡിയോ കോൺഫറൻസിലൂടെ ഉദ്യോഗസ്ഥരോട് രോഷാകുലനായാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിച്ചതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. അയോധ്യ മുനിസിപ്പാലിറ്റിയിലെ ബ്ലോക് ഡവലപ്‌മെന്റ് ഓഫീസർ, ഗ്രാമ പഞ്ചായത്ത് ഓഫീസർ, ഡപ്യൂട്ടി ചീഫ് വെറ്ററിനറി  ഓഫീസർ എന്നിവർക്കും മറ്റ് രണ്ട് പേർക്കുമെതിരെയാണ് നടപടി.

മിർസപുർ ജില്ലയിലെ ചീഫ് വെറ്ററിനറി ഓഫീസർ ഡോ എകെ സിംഗ്, നഗർ പാലിക എക്സിക്യുട്ടീവ് ഓഫീസർ മുകേഷ് കുമാർ, മുനിസിപ്പാലിറ്റി സിറ്റി എഞ്ചിനീയർ രാംജി ഉപാദ്ധ്യായ് എന്നിവരെയും സസ്പെന്റ് ചെയ്തു.

ഒരു ജില്ലാ കളക്ടറടക്കം മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസും മുഖ്യമന്ത്രി നൽകി. 

പശുക്കൾക്ക് കാലിത്തീറ്റ ഒരുക്കുന്നതും വൈദ്യസുരക്ഷ നൽകുന്നതും തൊഴുത്തുകൾ നിർമ്മിക്കുന്നതും സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടുത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഗുരുതരമായ ക്രിമിനൽ കേസ് ചുമത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

അയോധ്യയിലും മിർസപുരിലും പ്രയാഗ്‌രാജിലും തുടർച്ചയായി പശുക്കളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജൂലൈ 12 ന് പ്രയാഗ്‌രാജിലെ തൊഴുത്തിൽ 35 പശുക്കളാണ് ചത്തത്. മിന്നലേറ്റാണ് പശുക്കൾ മരിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

പ്രയാഗ്‌രാജ് കമ്മിഷണറോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

അയോധ്യയിലെ ഒരു തൊഴുത്തിൽ 50 പശുക്കളാണ് ചത്തത്. ചത്ത പശുക്കളെ ഗോശാലയിൽ തന്നെ സംസ്കരിച്ചതായി ഇതിന്റെ മേൽനോട്ട ചുമതലയിലുണ്ടായിരുന്ന ആൾക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. മിർസപുരിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത തൊഴുത്തിൽ കഴിഞ്ഞ ആഴ്ച നിരവധി പശുക്കൾ മരിച്ചെന്നാണ് റിപ്പോർട്ട് പുറത്തുവന്നത്.