പശുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പൊലീസ് കോണ്‍സ്റ്റബിളായ ഓം പ്രകാശും അധ്യാപകനായ ശ്യാം സിങും തമ്മില്‍ലുണ്ടായ തര്‍ക്കമാണ് കോടതിയില്‍ എത്തിയത്.
ജോധ്പൂർ: കോടതിയിൽ പ്രതികളെയും സാക്ഷികളെയും ഹാജരാക്കുന്നത് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ പശുവിനെ കോടതിയിൽ ഹാജരാക്കിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? എങ്കിൽ അത്തരത്തിലൊരു വാർത്തായാണ് ഇപ്പോൾ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും വരുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലാണ് പശുവിനെ കോടതിയിൽ ഹാജരാക്കിയത്.
ജോധ്പൂര്‍ മെട്രോപൊളിറ്റന്‍ കോടതിയിലാണ് കൗതുകം സൃഷ്ടിച്ച സംഭവം നടന്നത്. പശുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പൊലീസ് കോണ്‍സ്റ്റബിളായ ഓം പ്രകാശും അധ്യാപകനായ ശ്യാം സിങും തമ്മില്‍ലുണ്ടായ തര്‍ക്കമാണ് കോടതിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിൽ മണ്ഡോര്‍ പൊലീസ് സ്‌റ്റേഷനില്‍ ഈ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടർന്ന് ഇരുവരുടെയും സമ്മതപ്രകാരം പശുവിനെ പശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
എന്നാൽ സംഭവം ഒത്തുതിർപ്പാക്കാൻ പൊലീസിന് കഴിയാതെ വന്നതോടെ കേസ് മെട്രോപൊളിറ്റന്‍ കോടതിയിലേക്കെത്തുകയായിരുന്നു. ഇരു കക്ഷികളും കോടതിയില്‍ ഹാജരാവുകയും ഒപ്പം ജഡ്ജിക്ക് മുന്‍പില്‍ പശുവിനെയും ഹാജരാക്കുകയായിരുന്നു. കേസ് ഏപ്രില്‍ 15ലേക്ക് നീട്ടിയിട്ടുണ്ട്. എന്തായാലും അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണിതെന്നാണ് കാഴ്ച്ചക്കാരും ജീവനക്കാരും ഒരുപോലെ പറയുന്നത്.
