ദില്ലി: രാജ്യത്താകെ ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ദില്ലിയിൽ തുടരും. തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് സീറ്റ് മാത്രമാണ് സിപിഐക്ക് ആകെയുള്ളത്. ബംഗാളിലും കേരളത്തിലും പാര്‍ട്ടി വോട്ടുകൾ വ്യാപകമായി ചോര്‍ന്നു.

കേരളത്തിലെ തിരിച്ചടിക്ക് കാരണം ശബരിമല വിഷയം മാത്രമല്ലെന്ന് ഇന്നലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. ജൂണ്‍ ആറിന് സംസ്ഥാന നിര്‍വ്വാഹക സമിതിയും 12, 13 തിയതികളിൽ ദേശീയ കൗണ്‍സിലും യോഗവും ചേരുന്നുണ്ട്.

എൽഡിഎഫിൽ ഒരു ആഭ്യന്തര പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി രാജി വെക്കേണ്ട കാര്യമില്ലെന്നും കേരളത്തിലുണ്ടായ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ കാനം വ്യക്തമാക്കിയിരുന്നു.  2004 ൽ എ കെ ആന്‍റണി രാജി വച്ചത് യുഡിഎഫിലെ ആഭ്യന്തര പ്രശ്നം മൂലമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.