പാറ്റ്ന: ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മഹാസഖ്യത്തിൽ കടുത്ത അതൃപ്തിയുമായി സിപിഐ എംഎൽ. തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ കോണ്‍ഗ്രസിന്‍റെ പ്രകടനത്തിനെതിരെയാണ് തുറന്ന പ്രതികരണവുമായി സിപിഐ എംഎൽ രംഗത്ത് വന്നത്. 

കോൺഗ്രസിന് 70 സീറ്റ് നൽകിയത് തിരിച്ചടിയായെന്ന് സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്നടിച്ചു. അടിത്തറ നഷ്ടപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിന്‍റെ സാമൂഹിക രാഷ്ട്രീയ പ്രസക്തിയും നഷ്ടപ്പെട്ടു. ബിഹാർ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഗൗരവമായി കണ്ടില്ലെന്നും ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു.

ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന സിപിഎമ്മിന് മുന്നറിയിപ്പും ഭട്ടാചാര്യ നല്‍കുന്നുണ്ട്. കോൺഗ്രസുമായുള്ള സഖ്യം സിപിഎമ്മിന് തിരിച്ചടിയാകും. നഷ്ടം സംഭവിക്കുക സിപിഎമ്മിന് മാത്രമാകും. കോൺഗ്രസുമായുള്ള ബംഗാളിലെ സഖ്യത്തിൽ സിപിഐ എംഎൽ പങ്കാളിയാവില്ലെന്നും ദീപാങ്കർ ഭട്ടാചാര്യ വ്യക്തമാക്കി.

മഹാസഖ്യത്തിന്‍റെ ഭാഗമായി ബിഹാറില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 2015ല്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 സീറ്റില്‍ വിജയിച്ചിരുന്നു. മഹാസഖ്യത്തിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതേസമയം, സഖ്യത്തിന്റെ ഭാഗമായ ഇടതുപാര്‍ട്ടികള്‍ തിളക്കമാര്‍ന്ന വിജയവും നേടിയിരുന്നു. സിപിഐ(എംഎല്‍-ലിബറേഷന്‍) പാര്‍ട്ടിയുടെ വിജയമാണ് എടുത്തുപറയേണ്ടത്. 20 സീറ്റില്‍ മത്സരിച്ച അവര്‍ 12ലും വിജയിച്ചു.

നാല് സീറ്റില്‍ സിപിഎം രണ്ട് സീറ്റിലും അഞ്ച് സീറ്റില്‍ മത്സരിച്ച സിപിഐ രണ്ടിടത്തും വിജയം കണ്ടു. ബിഹാര്‍ തെരഞ്ഞെടുപ്പിനെ വളരെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് കാത്തിരുന്നത്. പാര്‍ട്ടി നേതാവ് രാഹുല്‍ഗാന്ധി നിരവധി റാലികളില്‍ പങ്കെടുക്കുകയും പ്രചാരണത്തില്‍ സജീവമാകുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും വോട്ടായി മാറിയില്ലെന്നാണ് ഫലം വന്നപ്പോള്‍ കാണുന്നത്.