Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലും കോൺഗ്രസ് ജയിക്കും: സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തൽ

മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിൽ കോൺഗ്രസ് വലിയ നേട്ടമുണ്ടാക്കുമെന്നാണ് കേന്ദ്ര കമ്മിറ്റി യോഗത്തിലെ വിലയിരുത്തൽ

CPIM central committee expects Congress would win all five states in coming election kgn
Author
First Published Oct 28, 2023, 10:05 PM IST

ദില്ലി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് വൻ നേട്ടമുണ്ടാക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ. കോൺഗ്രസിനൊപ്പം ഉറച്ചു നിന്നാലേ ബി ജെ പി യെ അധികാരത്തിൽ നിന്ന് അകത്താൻ സാധിക്കുകയുള്ളൂ. ഇന്ത്യ സഖ്യത്തിന് ക്ഷീണമുണ്ടാകരുതെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നു. ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറിയിട്ടില്ലെങ്കിലും ഏകോപന സമിതിയടക്കം സമിതികളിലേക്ക് അംഗങ്ങളെ അയക്കേണ്ടെന്നായിരുന്നു പിബി നിലപാട്. ഇത് യോഗത്തിൽ വിശദീകരിച്ചു. 

മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിൽ കോൺഗ്രസ് വലിയ നേട്ടമുണ്ടാക്കുമെന്നാണ് കേന്ദ്ര കമ്മിറ്റി യോഗത്തിലെ വിലയിരുത്തൽ. ഇതിൽ തെലങ്കാനയിൽ കോൺഗ്രസുമായി സഹകരിച്ചോ സഖ്യത്തിലോ മത്സരിക്കാനുള്ള ശ്രമം ഇടത് പാർട്ടികൾ നടത്തുന്നുണ്ട്. തെലങ്കാനയിൽ വലിയ വിജയപ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട് കോൺഗ്രസ്. രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും അധികാരം നിലനിർത്താനും മധ്യപ്രദേശിൽ അധികാരം മികച്ച ഭൂരിപക്ഷത്തോടെ നേടാനുമാണ് കോൺഗ്രസിന്റെ ശ്രമം.

അതേസമയം കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റുന്നതിനായാണ് കോൺഗ്രസ് നേതൃത്വത്തിൽ ഇന്ത്യ സഖ്യം രൂപീകരിച്ചത്. ജെഡിയു, ആർജെഡി, ആം ആദ്മി പാർട്ടി, എൻസിപി, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, സിപിഐ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെല്ലാം ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. ഇവർക്കെല്ലാം ഇന്ത്യാ സഖ്യത്തിന്റെ ഏകോപന സമിതിയിൽ അംഗങ്ങളുമുണ്ട്. എന്നാൽ സിപിഎം ഏകോപന സമിതിയിലേക്ക് അംഗത്തെ നിർദ്ദേശിക്കാൻ താത്പര്യമില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. പിബി യോഗമാണ് ഈ കാര്യം തീരുമാനിച്ചത്. തീരുമാനങ്ങളെല്ലാം എടുക്കുന്നത് ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ ഉന്നത നേതാക്കളാണെന്നും സമിതികളിൽ കാര്യമില്ലെന്നുമായിരുന്നു ഇതിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios