Asianet News MalayalamAsianet News Malayalam

ത്രിപുരയിൽ സഖ്യമില്ല; കോൺഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയ്ക്ക് സിപിഎം തീരുമാനം

ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്‍റെ വോട്ട് ഭിന്നിക്കാതെ നോക്കണമെന്ന താല്‍പ്പര്യത്തിന്‍റെ അടിസ്ഥാനത്തലാണ് കോൺഗ്രസ് സഹകരണത്തെ കുറിച്ചുള്ള ചർച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്

CPIM Congress election understanding in Tripura
Author
First Published Jan 11, 2023, 9:07 AM IST

അഗർത്തല: ത്രിപുരയിൽ ബിജെപിയെ നേരിടാൻ കോൺഗ്രസുമായി സിപിഎമ്മിന്റെ അടവുനയം. ബി ജെ പി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാൻ കോൺഗ്രസും സിപിഎമ്മും തമ്മിൽ ധാരണയുണ്ടാക്കും. എന്നാൽ കോൺഗ്രസുമായി സഖ്യമുണ്ടാകില്ല. ത്രിപുര സി പി എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും പങ്കെടുത്ത യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. തെരഞ്ഞെടുപ്പ് സഹകരണത്തെ കുറിച്ച് ഇന്ന് പ്രഖ്യാപനം നടത്തും.

ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്‍റെ വോട്ട് ഭിന്നിക്കാതെ നോക്കണമെന്ന താല്‍പ്പര്യത്തിന്‍റെ അടിസ്ഥാനത്തലാണ് കോൺഗ്രസ് സഹകരണത്തെ കുറിച്ചുള്ള ചർച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്.  ഇന്നലെയും ഇന്നുമായി ചേർന്ന സംസ്ഥാന സമതി യോഗത്തില്‍  വിഷയം ചർച്ചയായി. സംസ്ഥാനത്തിന്‍റെ നിലപാട് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരു ശതമാനം വോട്ട് വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ. അതിനാല്‍ കോണ്‍ഗ്രസിന്‍റെയും തിപ്ര മോത്ത പാര്‍ട്ടിയുടെയും പിന്തുണയുണ്ടെങ്കില്‍ ഭരണം നേടാമെന്നതാണ് സിപിഎം കരുതുന്നത്. 

സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമുണ്ടായാല്‍ പിന്നീട് സീറ്റ് വിഭജന ച‍ർച്ചയാകും വെല്ലുവിളി. ഇരുപത് സീറ്റില്‍ ശക്തിയുള്ള തിപ്ര മോത പാര്‍ട്ടി ഇരട്ടിയിലധികം സീറ്റുകള്‍ വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. എങ്കിലും ഇവർ വിട്ടുവീഴ്ച ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്ല പ്രകടനം നടത്തിയാല്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കൂട്ടായ്മ ഉണ്ടാകുമെന്ന സൂചനയാണ് യെച്ചൂരിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് മൂന്നക്കം കടന്നാല്‍ 2004,2009 മാതൃകയില്‍ മുന്നണികള്‍ ഉണ്ടായേക്കും. പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര, കോൺഗ്രസിന് ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുന്നുണ്ട്. പാർലമെന്‍റില്‍ മതേതര കക്ഷികളെ ഒരുമിപ്പിക്കാൻ കഴിയുന്ന ഏക പാര്‍ട്ടി സിപിഎം ആണെന്നും യെച്ചൂരി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios