ബിജെപി മുഖ്യമന്ത്രി മണിക് സാഹ, കോൺഗ്രസ് പിസിസി അധ്യക്ഷൻ ബിരാജിത് സിൻഹ, സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി എന്നിവരെല്ലാം മുന്നിലാണ്
അഗർത്തല: സിപിഎം - കോൺഗ്രസ് നേതൃത്വം തിപ്ര മോത പാർട്ടിയെ ബന്ധപ്പെടുന്നു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ആശയവിനിമയം നടത്തുന്നത്. അതേസമയം ബിജെപി ആവശ്യങ്ങൾ അംഗീകരിച്ചാൽ പിന്തുണയ്ക്കാം എന്ന് തിപ്ര മോത പാർട്ടിയുടെ തലവൻ പ്രത്യുദ് ദേബ് ബർമൻ വ്യക്തമാക്കുകയും ചെയ്തു.
ത്രിപുരയിൽ ശക്തമായ പോരാട്ടമാണ് നടന്നത്. ബിജെപി മുഖ്യമന്ത്രി മണിക് സാഹ, കോൺഗ്രസ് പിസിസി അധ്യക്ഷൻ ബിരാജിത് സിൻഹ, സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി എന്നിവരെല്ലാം മുന്നിലാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ സംസ്ഥാനത്ത് 30 സീറ്റിൽ ബിജെപിയും 13 ഇടത്ത് തിപ്ര മോത പാർട്ടിയും 17 ഇടത്ത് ഇടത് - കോൺഗ്രസ് സഖ്യവും മുന്നിലാണ്. ആകെ 60 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ 31 എന്ന മാന്ത്രിക സംഖ്യ കടക്കണം.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 29 സീറ്റിലാണ് ബിജെപി മുന്നേറ്റം. സിപിഎം 12 സീറ്റിൽ മുന്നിലുണ്ട്. അഞ്ച് സീറ്റിൽ കോൺഗ്രസും ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയുമാണ് മുന്നിലുള്ളത്. ഒറ്റയ്ക്ക് മത്സരിച്ച തിപ്ര മോത പാർട്ടി 12 സീറ്റിലാണ് മുന്നിലുള്ളത്.

