സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയവും സംസ്ഥാന കമ്മിറ്റി അവതരിപ്പിക്കാനിരിക്കുന്ന നവകേരള രേഖയും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: യുക്രൈൻ വിഷയത്തിൽ സിപിഎം പാർട്ടി നിലപാട് വിശദീകരിച്ച് ദേശീയ ജനറൽ സെക്രട്ടറി സിതാറാം യച്ചൂരി. സിപിഎം പാർട്ടി നിലപാടിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ സുരക്ഷ ബലികഴിച്ചല്ല മറ്റൊരു രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെന്നും എന്നാൽ സുരക്ഷയ്ക്കായുള്ള റഷ്യയുടെ വാദം ന്യായമെന്നുമായിരുന്നു സിപിഎം പ്രസ്താവന.

സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയവും സംസ്ഥാന കമ്മിറ്റി അവതരിപ്പിക്കാനിരിക്കുന്ന നവകേരള രേഖയും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന നവകേരള രേഖയും കരട് രാഷ്ട്രീയ പ്രമേയവും തമ്മിൽ പൊരുത്തക്കേട് കാണണ്ടതില്ല. നവകേരള രേഖയുടെ ഉള്ളടക്കം എന്തെന്ന് അറിഞ്ഞ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന 

ഉക്രയ്‌നെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണ്. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. ഉക്രയ്‌നെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നു. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയും, ഒപ്പം ഉക്രയ്‌നെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്. സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നു. കിഴക്കന്‍ ഉക്രയ്‌നിലെ ഡോണ്‍ബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു. ഉക്രയ്‌നിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.