ദില്ലി: പാര്‍ട്ടി നേതൃത്വത്തിലേക്ക് കൂടുതല്‍ യുവാക്കളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറയ്ക്കാന്‍ സിപിഎം ആലോചിക്കുന്നു. പശ്ചിമബംഗാളില്‍ നടപ്പാക്കിയ പരിഷ്കാരം വ്യാപകമായി നടപ്പാക്കുന്ന കാര്യമാണ് പാര്‍ട്ടി ഇപ്പോള്‍ പരിഗണിക്കുന്നത്.

 ദില്ലിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തിലാണ് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ പുതുതായി സംസ്ഥാന കമ്മിറ്റിയിലേക്കെടുക്കാത്ത പശ്ചിമബംഗാള്‍ ശൈലി ചര്‍ച്ചയായത്. ഈ മോഡല്‍ മറ്റു സംസ്ഥാനങ്ങളിലേക്കും കൊണ്ടു വരാനാണ് ആലോചിക്കുന്നത്. 

ഇതോടൊപ്പം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഉയര്‍ന്ന പ്രായപരിധി 80 വയസ്സായി നിശ്ചയിക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ഇത് എത്രയായി കുറയ്ക്കണമെന്ന് സംസ്ഥാനകമ്മിറ്റികൾക്കു നിശ്ചയിക്കാം. പാർട്ടി സ്കൂളുകൾ കൂടുതല്‍ സജീവമാക്കാനും കേന്ദ്രകമ്മിറ്റിയില്‍ തീരുമാനിച്ചു. 

കഴിഞ്ഞ പാര്‍ട്ടി പ്ലീനത്തില്‍ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ കഴിയാതെ പോയത് തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് കേന്ദ്രകമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളെ കണ്ട സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്ലീനം റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയാഞ്ഞതാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിനുള്ള കാരണങ്ങളിലൊന്ന്. 

പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ശക്തിപ്പെടാനായില്ലെന്നും പാര്‍ട്ടിയുടെ രാഷ്ട്രീയ ഇടപെടല്‍ ശേഷി കുറഞ്ഞെന്നും പറഞ്ഞ യെച്ചൂരി കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ പുനരേകികരണമാണ് സിപിഐ ഉദ്ദേശിക്കുന്നതെന്നും അല്ലാതെ സിപിഐ-സിപിഎം പുനരേകീകരണമല്ലെന്നും വിശദീകരിച്ചു.