പട്ന: ബിഹാര്‍ ഭരണത്തില്‍ പങ്കാളിയാകില്ലെന്ന് സിപിഐഎംഎൽ. സംഘപരിവാര്‍ വിരുദ്ധതക്ക് ശക്തി പകരാനാണ് ആദ്യമായി മഹാസഖ്യത്തിന്‍റെ ഭാഗമായതെന്നും പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍ പട്നയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മഹാസഖ്യത്തിന്‍റെ ഭാഗമായി 19 സീറ്റുകളിലാണ് ഇക്കുറി സിപിഐഎംഎൽ മത്സരിക്കുന്നത്.

ഭൂസമരങ്ങളിലൂടെയും ദളിതുകളുടെ അവകാശ പോരാട്ടങ്ങളിലൂടെയുമാണ് ബിഹാറിന്‍റെ മണ്ണില്‍ സിപിഐഎംഎല്‍ വേരുറപ്പിച്ചത്. അപ്രതീക്ഷിതമായിരുന്നു ആര്‍ജെഡി ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്‍റെ ഭാഗമായി ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പാർട്ടിയുടെ തീരുമാനം. മൂന്ന് എംഎല്‍എമാരുള്ള പാര്‍ട്ടിയുടെ ഒറ്റയാള്‍ പോരാട്ടം എവിടെയുമെത്തുന്നില്ലെന്ന് കണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ക്കും കൂട്ടാളികള്‍ക്കുമെതിരായ അങ്കത്തില്‍ മഹാസഖ്യത്തിനൊപ്പം ചേര്‍ന്നതെന്ന് കവിത കൃഷ്ണന്‍ വ്യക്തമാക്കുന്നു.

"ഞങ്ങളുടെ ശക്തി ഞങ്ങള്‍ക്കറിയാം. ആ ശക്തി ബിജെപി വിരുദ്ധതക്ക് കരുത്ത് പകരാനുള്ള പിന്തുണയാകും. ബിജെപി ജെഡിയു സഖ്യം ബിഹാര്‍ ജനതയെ വഞ്ചിച്ചിരിക്കുകയാണ്. ഞങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗമാകില്ല. മന്ത്രിസ്ഥാനങ്ങള്‍ ഏറ്റെടുക്കില്ല. എന്നാല്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാനും വിഷയങ്ങളിലിടപെടാനും ഞങ്ങളുണ്ടാകും. "കവിത കൃഷ്ണൻ പറഞ്ഞു.

എണ്‍പതുകള്‍ മുതലുള്ള ബിഹാറിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ സിപിഐഎംഎല്‍ ഉണ്ട്. നിയമസഭയില്‍ തുടര്‍ച്ചയായി പ്രാതിനിധ്യം അറിയിക്കുന്ന പാര്‍ട്ടിയായതുിനാല്‍ സിപിഎമ്മിനേക്കാളും,സിപിഐക്കാളും അധികം സീറ്റ് മഹാസഖ്യത്തില്‍ കിട്ടി. സിവാന്, ആള്‍വാര്‍, ജഹാനാബാദ്, പട്ന റൂറല്‍ തുടങ്ങിയ മേഖലകളില്‍ പാര്‍ട്ടിക്കുള്ള സ്വാധീനത്താല്‍ ദളിത് പിന്നാക്ക വോട്ടുകള്‍ പെട്ടിയിലാക്കമെന്നാണ് മഹാസഖ്യത്തിന്‍റെ പ്രതീക്ഷ. അതേ സമയം നക്സലിസം തിരികെ കൊണ്ടുവരാനുള്ള ആര്‍ജെഡിയുടെ ശ്രമമാണ് സിപിഐഎംഎല്ലിനെ സഖ്യത്തിന്‍റെ ഭാഗമാക്കിയതെന്ന വിമര്‍ശനം ബിജെപി പ്രചാരണ രംഗത്തുയര്‍ത്തുന്നുണ്ട്.