ദില്ലി: ശിവശങ്കറിന്‍റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റ് ഉൾപ്പടെ കേരളത്തിലെ സംഭവവികാസങ്ങൾ ദില്ലിയിൽ തുടങ്ങിയ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് ഇടതുപക്ഷത്തെ രാഷ്ട്രീയമായി തകര്‍ക്കാനാണ് ശ്രമമെന്ന് കേന്ദ്ര നേതാക്കൾ പ്രതികരിച്ചു. പശ്ചിമബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിലും തീരുമാനം ഉണ്ടാകും.

കേരള വിഷയങ്ങൾ ചര്‍ച്ചയാകില്ലെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. എന്നാൽ സ്വര്‍ണ്ണക്കടത്തും കള്ളപ്പണം വെളുപ്പിക്കലുമൊക്കെയായി കേന്ദ്ര ഏജൻസികളുടെ അറസ്റ്റ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയിൽ വരെ എത്തി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്‍റെ അറസ്റ്റും സര്‍ക്കാരിനെയും പാര്‍ട്ടിയേയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നു. 

അതിനാൽ ഗൗരവമായ ചര്‍ച്ച തന്നെ കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്ര കമ്മിറ്റിയിൽ നടക്കും. പഞ്ചായത്തും തെരഞ്ഞെടുപ്പും അതിന് ശേഷം നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കെ പാര്‍ട്ടിയും സര്‍ക്കാരും സംശയത്തിന്‍റെ നിഴലിലാകുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം ഉണ്ടാക്കിയ നേട്ടങ്ങളെല്ലാം സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണ വിവാദങ്ങളിൽ ഒലിച്ചുപോകുന്നു എന്ന വിലയിരത്തിലും ചില നേതാക്കൾക്കുണ്ട്. 

സ്ഥിതി വിലയിരുത്തി രാഷ്ട്രീയപ്രതിരോധം ശക്തമാക്കമാണെന്ന ഈ  നേതാക്കളുടെ അഭിപ്രായം. പശ്ചിമബംഗാളിൽ കോണ്‍ഗ്രസ് സഖ്യത്തിനുള്ള നിര്‍ദ്ദേശം പോളിറ്റ് ബ്യൂറോ മുന്നോട്ടുവെച്ചിരുന്നു. അതേകുറിച്ചുള്ള തീരുമാനവും കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടാകും.