സി പി എമ്മിനെ സംബന്ധിച്ചടുത്തോളം കഴിഞ്ഞ തവണ ഭരണം നഷ്ടമായെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനം ഉണ്ടായിരുന്നു. ഇക്കുറി അതും നഷ്ടമായി എന്നതാണ് വലിയ പ്രതിസന്ധി

അഗർത്തല: കഴിഞ്ഞ തവണ കൈവിട്ട ത്രിപുര ഇക്കുറി എന്തുവില കൊടുത്തും തിരിച്ചുപിടിക്കാനുറപ്പിച്ചാണ് സി പി എമ്മും ഇടതുപാർട്ടികളും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ദേശീയ തലത്തിലടക്കം വലിയ ചർച്ചയായിട്ടും കോൺഗ്രസിന് നേരിട്ട് കൈ കൊടുത്തുകൊണ്ട് മത്സരിക്കാൻ തീരുമാനിച്ചതും അതുകൊണ്ടുതന്നെ. എന്നാൽ ഫലം പുറത്തുവരുമ്പോൾ കഴിഞ്ഞ തവണത്തേക്കാൾ നിറം മങ്ങുകയായിരുന്നു ചെങ്കൊടിക്ക്. സി പി എമ്മിനെ സംബന്ധിച്ചടുത്തോളം കഴിഞ്ഞ തവണ ഭരണം നഷ്ടമായെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനം ഉണ്ടായിരുന്നു. ഇക്കുറി അതും നഷ്ടമായി എന്നതാണ് വലിയ പ്രതിസന്ധി. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി എന്ന നിലയിൽ തിപ്ര മോതയാകും പ്രതിപക്ഷ നേതൃസ്ഥാനം അലങ്കരിക്കുക.

തെരഞ്ഞെടുപ്പ്! മാങ്കുളത്ത് കണ്ണീർ, വൈദേകത്ത് കള്ളപ്പണമോ? ശിവശങ്കറിന് തിരിച്ചടി, പറക്കാൻ 80 ലക്ഷം: 10 വാർത്ത

കോൺഗ്രസിനൊപ്പം സീറ്റ് പങ്കിട്ട് മത്സരിച്ചിട്ടും ബി ജെ പിയുടെ ഭരണ തുടർച്ച തടയാൻ സാധിച്ചില്ലെന്നത് മാത്രമല്ല പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടതും സി പി എമ്മിനെ വല്ലാതെ അലട്ടും. തിപ്ര മോത പാ‍ർട്ടി ത്രികോണപ്പോര് ശക്തമാക്കിയതാണ് ബി ജെ പിയുടെ തുടർഭരണം ഉറപ്പാക്കിയതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. തിപ്രമോത ഇരുപക്ഷത്തെയും വോട്ടുകൾ ചോർത്തിയെങ്കിലും കൂടുതൽ തിരിച്ചടിയേറ്റത് സി പി എം കോൺഗ്രസ് സഖ്യത്തിനാണ്.

പ്രതിപക്ഷ വോട്ടുകൾ തിപ്ര മോതയും സ്വതന്ത്രരും പിടിച്ചത് പത്തിലധികം സീറ്റുകളിലാണ് സി പി എം സഖ്യത്തിന്‍റെ പരാജയത്തിന് ഇടയാക്കിയത്. കഴിഞ്ഞ തവണ 16 സീറ്റില്‍ ഒതുങ്ങിയെങ്കിലും സിപിഎമ്മിന് 42 ശതമാനം വോട്ട് നേടാൻ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഇടത് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും കൂടി ചേർന്ന് 33 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളു. ബംഗാളിലേത് പോലെ ത്രിപുരയിലും സി പി എമ്മിന് ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നഷ്ടം കൂടി വരുന്നു എന്നതാണ് ഇത് തുറന്നുകാട്ടുന്നത്.

ബി ജെ പിക്ക് 2 'ക്ഷീണം'

കഴിഞ്ഞ തവണ 36 സീറ്റ് നേടി 25 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച ബി ജെ പി ഇത്തണയും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിര്‍ത്തുന്നത്. ഭരണവിരുദ്ധ വികാരവും പാര്‍ട്ടിയിലെ ഉള്‍പ്പോരും സംസ്ഥാനത്ത് മറികടക്കാൻ ബി ജെ പിക്കായി. ഗോത്രമേഖലകളിലെ തിപ്ര മോത്ത പാര്‍ട്ടിയുടെ ഉദയം വന്‍ വിജയം നേടുന്നതില്‍ നിന്ന് ബി ജെ പിയെ തടഞ്ഞു. കഴിഞ്ഞ തവണ എട്ട് സീറ്റുകൾ നേടിയ ബി ജെ പി സഖ്യകക്ഷിയായ ഐ പി എഫ്റ്റി ഇത്തവണ ഒറ്റ സീറ്റിൽ ഒതുങ്ങി. 2018 ൽ 41 ശതമാനം വോട്ട് നേടിയ ബിജെപി 39 ശതമാനം വോട്ട് നേടി ഏതാണ്ട് സ്വാധീനം നിലനിറുത്തി. എന്നാൽ ഭരണത്തുടർച്ചയ്ക്കിടയിലും ബി ജെ പിക്ക് രണ്ട് കാര്യങ്ങളിൽ ക്ഷീണം സംഭവിച്ചു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയും തോറ്റതാണ് ബി ജെ പി സഖ്യത്തിനേറ്റ തിരിച്ചടി.

തിപ്ര മോതയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം

ത്രിപുരയില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ചത് പ്രദ്യുത് ദേബ്‍ബർമെന്‍റെ തിപ്ര മോത പാര്‍ട്ടിയാണ്. കന്നി മത്സരത്തില്‍ 13 സീറ്റ് നേടാൻ തിപ്ര മോതക്കായി. ഇരുപത് ശതമാനം വോട്ടും തിപ്ര മോത പിടിച്ചു. ഐ പി എഫ്ടിയുടെ കോട്ടയായ തക്രജലയില്‍ പോലും വന്‍ ഭൂരിപക്ഷം തിപ്രമോതക്കുണ്ട്. പതിമൂന്ന് സീറ്റ് നേടിയ തിപ്ര മോത പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ പ്രതിപക്ഷനേതൃ സ്ഥാനം സ്വന്തമാകും. ഗോത്രവർഗ്ഗ മേഖലകളിലെ സീറ്റുകൾ തൂത്തുവാരാനായതാണ് തിപ്ര മോതക്ക് നേട്ടമായത്.