ദില്ലി: കേന്ദ്രസർക്കാർ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കേന്ദ്രവിഹിതം അനുവദിക്കുന്നതിലുള്ള വിവേചനം അവസാനിപ്പിക്കണം. കൊവിഡ് തീവ്രബാധിത മേഖലകളിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഇളവ് നൽകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ ഒടുവിൽ പ്രഖ്യാപിച്ച 15,000 കോടി രൂപ അപര്യാപ്തമാണ്. കേരളം 20,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്. പാകിസ്ഥാനിൽ നടക്കുന്നത്ര കൊവിഡ് പരിശോധനകൾ ഇന്ത്യയിൽ നടക്കുന്നില്ല. രാജ്യത്തു പരിശോധനാ സൗകര്യം കൂട്ടണം.

ഒറ്റപ്പെട്ടുപോയ അതിഥി തൊഴിലാളികൾക്കും കേരള മാതൃകയിൽ ആഹാരവും ഷെൽട്ടറും നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം. പ്രധാനമന്ത്രിയുടെ ദീപം തെളിക്കൽ നടപടിയോട് യോജിപ്പില്ല. പ്രതീകാത്മക നടപടിയിലൂടെ കൊവിഡിനെ ചെറുക്കാനാവില്ല. കേരളത്തിൽ ലോക്ക്ഡൗൺ പിൻവലിക്കുന്ന കാര്യം വിദഗ്ധ സമിതി റിപ്പോർട്ട് പ്രകാരം സംസ്ഥാനസർക്കാർ തീരുമാനിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Read Also: 'കൊവിഡിനെ തോൽപിക്കാൻ ഇനിയും സമയം വേണം'; ലോക്ക് ഡൗൺ നീട്ടുമെന്ന് സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രി...