വിജയ് സർക്കാർ 3 മാസത്തിനുള്ളിൽ വീഴുമെന്ന എം കെ സ്റ്റാലിന്റെ വാദത്തെ സിപിഎം തള്ളി. ഡിഎംകെയുമായി നിലവിൽ സഖ്യമില്ലെന്നും ടിവികെ സർക്കാരിന് പിന്തുണ നൽകുന്നത് സ്വന്തം നിലയ്ക്കുള്ള തീരുമാനമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം വ്യക്തമാക്കി
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്ന്‍റെ നേതൃത്വത്തിലുള്ള ടി വി കെ (തമിഴക വെട്രി കഴകം) സർക്കാർ മൂന്ന് മാസത്തിനുള്ളിൽ വീഴുമെന്ന ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെ വാദത്തെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം രംഗത്ത്. ഒന്നേമുക്കാൽ കോടി ജനങ്ങൾ വോട്ട് നൽകി തിരഞ്ഞെടുത്ത ഭരണകൂടത്തെക്കുറിച്ച് സ്റ്റാലിനായാലും ഇ പി എസ്. ആയാലും ഇത്തരം പ്രസ്താവനകൾ നടത്തുന്നത് തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിൽ നിലവിൽ ഡി എം കെ. സഖ്യം ഇല്ലെന്നും അതിനാൽ സഖ്യത്തിൽ തുടരുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വിവരിച്ചു. ജനാധിപത്യത്തിൽ വോട്ട് കണക്കാണ് പ്രധാനമെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡി എം കെ, എ ഐ എ ഡി എം കെ സഖ്യങ്ങൾ പരാജയപ്പെട്ടവരാണെന്നും ഷൺമുഖം ഓർമ്മിപ്പിച്ചു. ടി വി കെ. സർക്കാരിന് പിന്തുണ നൽകാൻ സി പി എം സംസ്ഥാന സമിതി സ്വന്തം നിലയ്ക്കാണ് തീരുമാനമെടുത്തതെന്നും ഇതിന് ആരുടെയും അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഡി എം കെ അനുവദിച്ചതുകൊണ്ടാണ് സഖ്യകക്ഷികൾ ടി വി കെ യെ പിന്തുണയ്ക്കുന്നതെന്ന സ്റ്റാലിന്റെ വാദത്തെയും ഷൺമുഖം ശക്തമായി വിമർശിച്ചു. സി പി എം സ്വന്തം നിലയ്ക്കാണ് ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കിയ ഷൺമുഖം, സ്റ്റാലിന്‍റെ അഭിപ്രായത്തിൽ അദ്ദേഹത്തോട് വിശദീകരണം തേടാനും മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
ടി വി കെ സർക്കാർ 3 മാസം തികയ്ക്കില്ലെന്ന് എം കെ സ്റ്റാലിൻ
നേരത്തെ വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായാണ് ഡി എം കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ രംഗത്തുവന്നത്. വിജയ് സർക്കാർ മൂന്ന് മാസം തികയ്ക്കുമെന്ന് തോന്നുന്നില്ലെന്നാണ് സ്റ്റാലിൻ അഭിപ്രായപ്പെട്ടത്. ജനങ്ങൾ ഇപ്പോൾ തന്നെ ഇക്കാര്യം സംസാരിച്ചു തുടങ്ങിയെന്നും ഡി എം കെ അധ്യക്ഷൻ കൂട്ടിച്ചേർത്തു. പുതിയ ഭരണകൂടത്തെ ആദ്യത്തെ ആറുമാസം വിമർശിക്കേണ്ടതില്ലെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ടി വി കെ. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
