പാറ്റ്‌ന: ബിഹാറില്‍ ഫലം വരാന്‍ നാല് ദിവസം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് ഒരു കാലത്തുണ്ടായിരുന്ന സ്വാധീനം തിരിച്ചുപിടിക്കാന്‍ കഴിയുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍. മഹാസഖ്യം അധികാരത്തിലെത്തിയാലും സമരവും ഭരണവും ഒന്നിച്ചുകൊണ്ടു പോകും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അവധേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

''ബീഹാര്‍ നിയമസഭയില്‍ ഇടതുപക്ഷം വിജയിച്ച് എത്തുമ്പോള്‍ സര്‍ക്കാരിനോട് വാഗ്ദാനം പാലിക്കാന്‍ ആവശ്യപ്പെടാം. ഒപ്പം പുറത്തെ സമരങ്ങള്‍ തുടരുകയും ചെയ്യും'' -  അവധേഷ് കുമാര്‍ വ്യക്തമാക്കി. 

പറ്റ്‌നയിലെ പ്രശസ്തമായ ജമാല്‍ റോഡിലെ ഒരു മൂന്നുനില കെട്ടിടത്തിന്റെ മുകളിലാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ്. രണ്ടു പതിറ്റാണ്ടായി കാര്യമായ ശ്രദ്ധയൊന്നും കിട്ടാതെ കിടന്ന ഈ കെട്ടിടത്തിലേക്ക് ഇത്തവണ മാധ്യമങ്ങള്‍ എങ്കിലും എത്തുന്നു. ബിജെപിയുടെ സജീവമായ സംസ്ഥാന കമ്മിറ്റി ഓഫീസിനു തൊട്ടുപിന്നിലുള്ള സിപിഐ ഓഫീസിലും ഇപ്പോള്‍ അനക്കമുണ്ട്. തേജസ്വി യാദവിന്റെ സഖ്യത്തിലെത്തിയ ഇടതുപക്ഷം കോണ്‍ഗ്രസിനൊപ്പമാണ് പ്രചാരണരംഗത്തുള്ളത്. എന്നാല്‍ മഹാസഖ്യം വിജയിച്ചാല്‍ മന്ത്രിസഭയില്‍ ചേരണമോ എന്നതില്‍ ആശയക്കുഴപ്പമുണ്ട്. 

ഇതുവരെ സിപിഐ ആയിരുന്നു സംസ്ഥാനത്തെ വലിയേട്ടനെങ്കിലും സിപിഐ എംഎല്‍ ഇത്തവണ കുതിച്ചുചാട്ടമാണ് നടത്തിയത്. എംഎല്ലിന്റെ തീന്‍ താര അഥവ മൂന്നു നക്ഷത്രം എന്ന ചിഹ്നമാണ് ഇന്ന് സംസ്ഥാനത്ത് ഇടതുമുന്നേറ്റത്തിന്റെ പ്രതീകം. സിപിഎമ്മിനും സിപിഐക്കും കൂടി പത്തു സീറ്റുകള്‍ കിട്ടിയപ്പോള്‍ സിപിഐഎംഎല്‍ ഒറ്റയ്ക്ക് വിലപേശി 19 നേടി എന്നാണ് മറ്റ് ഇടത് പാര്‍ട്ടികളുടെ നിലപാട്. എന്നാല്‍ പ്രചാരണത്തിന് അനക്കമുണ്ടാക്കാന്‍ സിപിഐഎംഎല്‍ അണികള്‍ ആര്‍ജെഡിക്ക് വലിയ സഹായമാണ് നല്‍കുന്നത്.