'വിജയിച്ച മണ്ഡലങ്ങളിൽ ഞങ്ങൾ മത്സരിക്കും, കോയമ്പത്തൂര്‍ സീറ്റ് വീട്ടുകൊടുക്കില്ല'; ഉലകനായകന് ഉടക്കിട്ട് സിപിഎം
.കോയമ്പത്തൂരും മധുരയും 2019ഇൽ സിപിഎം ജയിച്ച സീറ്റുകളാണ്.ജയിച്ച സീറ്റ് ഇപ്പോൾ എങ്ങനെയാണ് വിട്ടുകൊടുക്കുന്നതെന്ന് തമിഴ്നാട് സിപിഎം സെക്രട്ടറി കെ.ബാലകൃഷ്ണൻ

ചെന്നൈ: കമൽഹാസന് ഉടക്കിട്ട് സിപിഎം. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂർ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. തമിഴ്നാട് സിപിഎം സെക്രട്ടറി കെ.ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമൽ ഹാസന് മാത്രമല്ല പലര്‍ക്കും താത്പര്യം കാണും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധുരയും കോയമ്പത്തൂരും ഞങ്ങൾക്ക് തന്നതാണ്. വിജയിച്ച മണ്ഡലങ്ങളിൽ തന്നെ ഞങ്ങൾ ഇത്തവണയും മത്സരിക്കും. എങ്ങനെയാണ് അതിൽ മാറ്റം വരുത്തുകയെന്നും അദ്ദേഹം ചോദിച്ചു.
ഡിഎംകെയുമായി ഉണ്ടാക്കിയ ധാരണ നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികൾക്ക് സമ്മതം എങ്കിൽ ആർക്കും മുന്നണിയിൽ എത്താം .എന്നാൽ ഇതുവരെ ഒരു സന്ദേശവും തങ്ങൾക്ക് ലഭിച്ചിട്ടില്ല .കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് കമൽ വ്യക്തമാക്കിയ ശേഷം ആദ്യ സിപിഎം പ്രതികരണമാണിത്.എന്നാൽ കമല്‍ ഹാസന്‍റെ മുന്നണി പ്രവേശത്തെ എതിര്‍ക്കാൻ സിപിഎം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.എൻഡിഎ വിട്ട എഐഡിഎംകെക്കൊപ്പം ഡിഎംകെ സഖ്യത്തിലെ ചില പാര്‍ട്ടികൾ പോകുമെന്ന പ്രചാരണം അഭ്യൂഹം മാത്രമാണ്.ആര്‍ക്കും എന്തും ചിന്തിച്ചുകൂട്ടാം , അത് സത്യമല്ല.ഡിഎംകെ സഖ്യം തെരഞ്ഞെടുപ്പിനുവേണ്ടിയുള്ളതല്ല , നയങ്ങളിലൂന്നിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.