Asianet News MalayalamAsianet News Malayalam

ജോഷിമഠില്‍ പൊളിക്കുക രണ്ട് ഹോട്ടലുകള്‍, കുടുംബങ്ങള്‍ക്ക് ഒന്നരലക്ഷം സഹായധനം, തെഹ്‍രിയിലും വിള്ളല്‍ കണ്ടെത്തി

ജോഷിമഠിൽ 723 വീടുകളിലും കെട്ടിടങ്ങളിലുമാണ് വിള്ളൽ രൂപപ്പെട്ടത്. ഇതിൽ 86 കെട്ടിടങ്ങളാണ് ഏറ്റവും അപകടകരമായ അവസ്ഥയിൽ ഉള്ളത്. 

crack found in champa tehri also
Author
First Published Jan 11, 2023, 4:07 PM IST

ദില്ലി: ജോഷിമഠിന് പിന്നാലെ ഉത്തരാഖണ്ഡിലെ മറ്റ് പ്രദേശങ്ങളിലും കെട്ടിടങ്ങളിൽ വിള്ളൽ വീഴുന്നു.  തെഹ്രി ജില്ലയിലെ ചമ്പയിലാണ് കെട്ടിടങ്ങളിൽ വിള്ളൽ കണ്ടത്. നേരത്തെ കർണപ്രയാഗിലും കെട്ടിടങ്ങളിൽ വിള്ളൽ കണ്ടിരുന്നു. ഉത്തരാഖണ്ഡിലെ ഭൗമപ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ കൂടുതൽ കേന്ദ്ര സംഘത്തെ നിയോഗിച്ചേക്കും. ജോഷിമഠിൽ  150 ലധികം കുടുംബങ്ങളെ ആണ് ഇതുവരെ മാറ്റിത്താമസിപ്പിച്ചത്. മഴ പെയ്യാനുള്ള സാധ്യത നിലനിൽക്കെ, അതിനു മുമ്പ് വിള്ളൽ വീണ കെട്ടിടങ്ങളിൽ കഴിയുന്ന മുഴുവൻ പേരെയും മാറ്റിത്താമസിപ്പിക്കാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം. 

ജനരോഷത്തെ തുടര്‍ന്ന് ജോഷിമഠിലെ മുഴുവന്‍ കെട്ടിടങ്ങളും പൊളിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. നഷ്ടപരിഹാരം നിശ്ചയിക്കാതെ ജോഷിമഠിലെ വിള്ളൽ വീണ കെട്ടിടങ്ങൾ പൊളിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് സ‍ർക്കാരിന്‍റെ അനുനയ ശ്രമം. പൊളിക്കാനിരിക്കുന്ന ഹോട്ടലുകളുടെ ഉടമകളുമായി പ്രിൻസിപ്പൽ സെക്രട്ടറി മീനാക്ഷി സുന്ദരം ച‍ർച്ച നടത്തി. അപകട സാധ്യതയേറിയ രണ്ട് ഹോട്ടലുകൾ പൊളിക്കാൻ സഹകരിക്കണമെന്നും മറ്റ് കെട്ടിടങ്ങൾ പൊളിക്കാൻ പദ്ധതിയില്ലെന്നും പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. ഓരോ കുടുംബത്തിനും ഒന്നരലക്ഷം രൂപ സഹായധനമായി നൽകും. മാറിത്താമസിക്കുന്നതടക്കം അടിയന്തരാവശ്യങ്ങൾക്ക് ആദ്യഘട്ടത്തിൽ അമ്പതിനായിരം രൂപ അനുവദിക്കും. 
ശനിയാഴ്ച്ചയ്ക്ക് ശേഷം കെട്ടിടങ്ങളിൽ പുതിയ വിള്ളൽ രൂപപ്പെടാത്തതും വെള്ളം ഊ‍ർന്നിരുന്ന ഇടങ്ങളിൽ അത് കുറഞ്ഞതും ആശ്വാസമായാണ് സ‍ർക്കാ‍ർ കണക്കാക്കുന്നത്.

Follow Us:
Download App:
  • android
  • ios